ഒമാനിൽ 98 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു: 59 പേർ വിദേശികൾ

മസ്‍കറ്റ്: ഒമാനിൽ 98 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതിൽ 59 പേർ വിദേശികളും 39 പേർ ഒമാൻ സ്വദേശികളുമാണ്. 238 പേർ ഇതിനോടകം സുഖം പ്രാപിച്ചുവെന്നും മന്ത്രാലയത്തിന്റെ അറിയിപ്പിൽ പറയുന്നു. ഇതുവരെയും ഒമാനിൽ കൊറോണ വൈറസ് ബാധിച്ച് എട്ട് പേരാണ് മരിച്ചത്. രണ്ടു ഒമാൻ സ്വദേശികളും ഒരു മലയാളി ഉൾപ്പെടെ ആറു വിദേശികളുമാണ് മരിച്ചത്. ഇതോടെ രാജ്യത്ത് വൈറസ് ബാധിച്ചവരുടെ എണ്ണം 1508
ആയെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വാർത്തകുറിപ്പിൽ വ്യക്തമാക്കി.

അതേസമയം കൊറോണ ബാധിച്ച് ഗള്‍ഫില്‍ ഒരു മലയാളികൂടി മരിച്ചു. മരണ സംഖ്യ 179 ആയി. ഗള്‍ഫില്‍ ആകെ വൈറസ് ബാധിതരുടെ എണ്ണം മുപ്പതിനായിരത്തോളമായി. 10484 പേര്‍ക്ക് സൗദിയില്‍ രോഗം സ്ഥിരീകരിച്ചു. ഇന്ത്യന്‍ സമൂഹത്തിനിടയില്‍ വൈറസ് പടരുന്ന കുവൈത്തിൽ കർഫൂസമയം പതിനാറ് മണിക്കൂറായി വർദ്ധിപ്പിച്ചു. വൈകിട്ട് നാല് മുതൽ രാവിലെ എട്ട് മണി വരെയാണ് പുതിയ കർഫ്യൂ സമയം. റംസാൻ മാസം കഴിയുന്നതുവരെ പൊതു അവധി നീട്ടാനും തീരുമാനമായി. കുവൈത്തില്‍ വൈറസ് ബാധിച്ച് ഇന്ത്യക്കാരുടെ എണ്ണം 1132ആയി. എന്നാൽ കൊറോണ ബാധിതരും ആരോഗ്യപ്രവര്‍ത്തകരും നോമ്പെടുക്കേണ്ടതില്ലെന്ന് യുഎഇ ഫത്‍വ കൗണ്‍സില്‍ മതനിയമം പുറപ്പെടുവിച്ചു. നിലവിലെ സ്ഥിതിക്ക് മാറ്റമില്ലെങ്കില്‍ പള്ളികളിലെ പെരുന്നാള്‍ നമസ്‌കാരം ഒഴിവാക്കാമെന്നും നിര്‍ദ്ദേശത്തില്‍പറയുന്നു.