ആഭ്യന്തര കലാപത്തിന് പ്രേരിപ്പിക്കുന്നു; ട്രംപിനെതിരെ ആഞ്ഞടിച്ച് വാഷിംഗ്ടൺ, ന്യൂയോര്‍ക്ക് ഗവർണർമാർ

വാഷിംഗ്ടൺ : അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമർശനങ്ങളുമായി വാഷിംഗ്ടൺ, ന്യൂയോര്‍ക്ക് ഗവര്‍ണർ മാർ രംഗത്ത്.
പ്രസിഡന്റ്‌ രാജ്യത്ത് ആഭ്യന്തര കലാപത്തിന് പ്രേരിപ്പിക്കുകയാണെന്നും അതിനുവേണ്ടി വ്യാപകമായി നുണകള്‍പ്രചരിപ്പിക്കുകയുമാണെന്ന് വാഷിംഗ്ടൺ ഗവര്‍ണർ ജേ ഇന്‍സ്‌ലി പറഞ്ഞു.

‘നിയമവിരുദ്ധവും അപകടകരവുമായ പ്രവര്‍ത്തികളെ പ്രോത്സാഹിപ്പിക്കുന്നതാണ് പ്രസിഡന്റിന്റെ പ്രസ്താവനകള്‍. അദ്ദേഹം ദശലക്ഷക്കണക്കിന് ജനങ്ങളെ കൊറോണ രോഗത്തിന്റെ അപകട പരിധിയിലാക്കുകയാണ്” ഇന്‍സ്‌ലീ ട്വിറ്ററിൽ കുറിച്ചു.

ലോക്ഡൗണ്‍ വിരുദ്ധ സമരക്കാര്‍ക്ക് പിന്തുണ നല്‍കി മിനസോട്ട, മിഷിഗണ്‍, വിര്‍ജീനിയ തുടങ്ങിയ അമേരിക്കന്‍ സംസ്ഥാനങ്ങളെ ‘മോചിപ്പിക്കണമെന്ന്’ ട്രംപ് നേരത്തെ ട്വീറ്റ് ചെയ്തിരുന്നു.
കൊറോണ മഹാമാരി നേരിടുന്ന ഈ സമയത്ത് സംസ്ഥാനങ്ങളെ ‘മോചിപ്പിക്കണം’ എന്നതുപോലുള്ള ട്രംപിന്റെ പ്രസ്താവനകള്‍ ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കുന്നതാണ്. ആഭ്യന്തര കലാപത്തെ പ്രോത്സാഹിപ്പിക്കുകയും നുണകള്‍ പ്രചരിപ്പിക്കുകയുമാണ് ട്രംപ് ചെയ്യുന്നത്. ട്രംപിന്റെ സ്വന്തം സര്‍ക്കാരിലെ അംഗങ്ങള്‍ പോലും കൊറോണ അപകടമാണെന്നും നിയന്ത്രണങ്ങള്‍ തുടരണമെന്നും പറയുന്നുണ്ടെന്ന് വാഷിംഗ്ടൺ ഗവര്‍ണര്‍ പറഞ്ഞു.

ലോക്ഡൗണും നിയന്ത്രണങ്ങളും നീക്കി അമേരിക്കന്‍ വിപണി എത്രയും വേഗം തുറക്കുമെന്ന് ട്രംപ് കുറച്ചു ദിവസങ്ങളായി ആവര്‍ത്തിക്കുന്നുണ്ട്. അതേസമയം ലോക്ഡൗണും സമ്പര്‍ക്ക വിലക്കും അടക്കമുള്ള കാര്യങ്ങളില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് അതാത് സംസ്ഥാനങ്ങളാണെന്നും ഫെഡറല്‍ സര്‍ക്കാരല്ലെന്നുമാണ് ട്രംപ് പറയുന്നത്.

ഫെഡറല്‍ സര്‍ക്കാരിന്റെ പിന്തുണയില്ലാതെ സംസ്ഥാനങ്ങള്‍ക്ക് കൊറോണ പരിശോധന അടക്കമുള്ള കാര്യങ്ങള്‍ നടത്താനാവില്ലെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ക്യുമോ തിരിച്ചടിച്ചു. സംസ്ഥാനങ്ങള്‍ അവരവരുടെ നിലക്ക് കൊറോണ പരിശോധന നടത്തണമെന്നാണ് ട്രംപ് ട്വീറ്റ് ചെയ്തത്. പരാതി പറച്ചില്‍ മതിയാക്കി പണിയെടുക്കണമെന്നും ആവശ്യത്തിന് പണവും സഹായവും നല്‍കിയിട്ടും ഒരു നന്ദിവാക്കുപോലും ന്യൂയോര്‍ക്ക് ഗവര്‍ണറില്‍ നിന്നുമുണ്ടായില്ലെന്നുമായിരുന്നു ട്രംപിന്റെ മറുപടി.