സ്വീഡൻ : ലോകമാകെ പടർന്നു പിടിക്കുന്ന കൊറോണ മഹാമാരിയെ തോല്പിക്കാൻ ആരോഗ്യ പ്രവർത്തനത്തിനായി രാജകുമാരിയും മുന്നിട്ടിറങ്ങി. ലോകം ഒറ്റകെട്ടായി കൊറോണയ്ക്ക് എതിരെ പോരാടുമ്പോൾ വീട്ടിൽ അടച്ചു പൂട്ടിയിരിക്കാൻ സ്വീഡിഷ് രാജകുമാരിയായ സോഫിയ ഹെല്‍കിവിസിനും സാധിച്ചില്ല. കൊട്ടാരത്തിൽ നിന്ന് ആശുപത്രി സേവനത്തിനിറങ്ങിയിരിക്കുകയാണ് ഈ മുപ്പത്തിയഞ്ചുകാരി. കാള്‍ ഫിലിപ്പ് രാജകുമാരന്റെ ഭാര്യയാണ് സോഫിയ.
സ്റ്റോക്‌ഹോമിലെ സോഫിയഹെമ്മറ്റ് ആശുപത്രിയുടെ ബോര്‍ഡംഗം കൂടിയായ സോഫിയ ത്രിദിന ഓണ്‍ലൈന്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തതിനു ശേഷമാണ് ആശുപത്രിയില്‍ സന്നദ്ധസേവകയായെത്തുന്നത്. കൊറോണ രോഗികളെ നേരിട്ട് പരിചരിക്കില്ലെങ്കിലും ആരോഗ്യപ്രവര്‍ത്തകര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്യുകയാണ് സോഫിയയുടെ ചുമതല.
കടന്നുപൊയ്ക്കൊണ്ടിരിക്കുന്ന ഈ പ്രതിസന്ധിയുടെ നാളുകളില്‍, ആരോഗ്യ സംരക്ഷണ പ്രൊഫഷണലുകളുടെ ജോലിഭാരം ലഘൂകരിക്കുന്നതിന് ഒരു സന്നദ്ധ പ്രവർത്തകനെന്ന നിലയിൽ പങ്കാളിയാകാനും സംഭാവന നൽകാനും രാജകുമാരി ആഗ്രഹിക്കുന്നതായി കൊട്ടാരവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി
ആരോഗ്യ പ്രവർത്തനങ്ങൾക്ക് മെഡിക്കല്‍ രംഗത്തുനിന്ന് ആവശ്യമായ ആളുകൾ ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസുകൾ വഴിയാണ് ആളുകളെ സജ്ജമാക്കിയത്. ശുചീകരണം, അടുക്കളയിലെ സേവനം, ഉപകരണങ്ങള്‍ അണുവിമുക്തമാക്കല്‍ തുടങ്ങിയവയിലാണ് പരിശീലനം നല്‍കുന്നത്. ഇതോടെ ഡോക്ടര്‍മാരുടെയും നഴ്‌സുമാരുടെയും ജോലിഭാരം കുറയ്ക്കാൻ സാധിക്കും. ആഴ്ചയില്‍ എണ്‍പതോളം പേര്‍ക്ക് പരിശീലനം നല്‍കിയാണ് ആളുകളെ തെരഞ്ഞെടുക്കുന്നത്.
സ്വീഡനില്‍ ഇതുവരെ 12,540 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതിൽ 1,333 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.