ടോക്യോ: കൊറോണയെ തുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ജപ്പാന് പൗരന്മാര്ക്ക് ഒരു ലക്ഷം യെന്‍(71000 രൂപ) നല്‍കുമെന്ന് പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ പ്രഖ്യാപനം. സാമ്പത്തിക സഹായം ജനങ്ങള്‍ക്ക് ലഭിക്കാനുള്ള നടപടികള്‍ തുടങ്ങി കഴിഞ്ഞുവെന്ന് അദ്ദേഹം പറഞ്ഞു.
കൊറോണയെ തുടര്‍ന്ന് വരുമാനം നഷ്ടമായ കുടുംബങ്ങള്‍ക്ക് അതിന്റെ മൂന്നിരട്ടി പണം നല്‍കാനായിരുന്നു ആദ്യം തീരുമാനിച്ചത്. എന്നാല്‍ പിന്നീട് എല്ലാ പൗരന്മാര്ക്കും പണം നല്‍കുമെന്ന് പ്രഖ്യാപിച്ചു. കൊറോണയെ തുടര്‍ന്ന് ജപ്പാനിലെ ഏഴ് മേഖലകളിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
സ്ഥിതിഗതികള്‍ വിലയിരുത്തിയതിന് ശേഷം അടിയന്തരാവസ്ഥയില്‍ മാറ്റം വേണമോ എന്ന് മെയ് ആറിന് ശേഷമാവും തീരുമാനിക്കുക. കൊറോണയെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ വേണ്ടിവന്നതോടെ ജപ്പാന്റെ സാമ്പത്തിക മേഖലയും പ്രതിസന്ധിയിലായിരുന്നു. മറ്റ് രാജ്യങ്ങള്‍ സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിച്ച് പിടിച്ചു നില്ക്കാന് ശ്രമിക്കുമ്പോഴാണ് ജപ്പാന് ഇത്രയും തുക പൗരന്മാര്ക്ക് നല്‍കുന്നത്.