കൊറോണയുടെ ‘രണ്ടാം മുഖം’; അതിഭീകരമെന്ന് ചൈന: കരുതിയിരിക്കുക എവിടെയും ആവർത്തിക്കാം

ബെയ്ജിംഗ് : മാനവരാശിയെ നടുക്കുന്ന കൊറോണയുടെ രണ്ടാംമുഖം അതിഭീകരമെന്ന്
ചൈനയുടെ വെളിപ്പെടുത്തൽ.
ലോകം മുഴുവൻ പ്രകടമായ ലക്ഷണങ്ങളോടെ രോഗ പകർച്ച മൂർഛിക്കുമ്പോൾ കൊറോണയുടെ ഉറവിടമായ ചൈനയിൽ ലക്ഷണങ്ങളില്ലാത്തവരിലാണ് ഇപ്പോൾ വൈറസ് ബാധ. ലക്ഷണങ്ങളോടെ കൊറോണ വൈറസ് സ്ഥിരീകരിച്ചവരെക്കാൾ കൂടുതലാണ് രോഗലക്ഷണങ്ങൾ ഇല്ലാത്തവരിൽ നിന്നും രോഗം സ്ഥിരീകരിച്ചവരെന്നാണ് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷന്റെ കണ്ടെത്തൽ.

ഇത്തരക്കാർക്ക് രോഗബാധിതരാണെന്നതിന്റെ യാതൊരു ബാഹ്യ ലക്ഷണങ്ങളുമുണ്ടാകില്ല.
രോഗ ലക്ഷണങ്ങൾ ഒന്നും കാണിക്കാതെയുള്ള വൈറസ്‌ വ്യാപനം മുൻപുള്ളതിനെക്കാൾ ഭീകരത സൃഷിടിക്കുന്ന ഒന്നാണെന്ന് ചൈനയുടെ ദേശീയ ആരോഗ്യ കമ്മീഷൻ വക്താവ് മി ഫെംഗ് പറഞ്ഞു. വൈറസ്‌ ബാധിതരിൽ ഏതെങ്കിലും ഒരു ഘട്ടത്തിൽ രോഗലക്ഷണങ്ങൾ പ്രകടമാകുമെന്നാണ് വിദഗ്ദ്ധർ കരുതിയിരുന്നത്. എന്നാൽ ഇതിനു വിപരീതമാണ് ഇപ്പോഴത്തെ അവസ്ഥ. രോഗലക്ഷണങ്ങളില്ലാത്ത കേസുകൾ മനസിലാക്കാൻ ഗവേഷകർ ഇപ്പോഴും പെടാ പാടുപെടുകയാണ്. ലക്ഷണങ്ങളില്ലാത്തവരായി കാണപ്പെടുന്ന രോഗികൾ കൊറോണ രോഗലക്ഷണങ്ങൾക്ക് വിപരീതമായ ലക്ഷണങ്ങൾ കാണിക്കുന്നതും ആരോഗ്യ വകുപ്പിനെ ചുറ്റിക്കുന്നു.

മാസങ്ങളായി, പനിയും വരണ്ട ചുമയും രോഗത്തിന്റെ പ്രധാന അടയാളങ്ങളാണെന്ന്
വിലയിരുത്തിയിരുന്നത് തെറ്റി. രുചിയും മണവും നഷ്ടപ്പെടുന്നതും അണുബാധയുടെ ലക്ഷണമാണെന്ന് അടുത്തിടെ പുറത്തുവന്നിരുന്നു. എന്നാൽ ലക്ഷണങ്ങളുടെ വ്യാപ്തിയോ കൂടുതൽ ലക്ഷണങ്ങളെ പറ്റിയോ ചൈന വെളിപ്പെടുത്തിയിട്ടില്ല.
രോഗം സ്ഥിരീകരിച്ച രോഗികളുടെ കോൺടാക്റ്റുകൾ പരിശോധിക്കാനുള്ള ശ്രമങ്ങളിലൂടെയാണ് ഇത്തരത്തിലുള്ള പുതിയ കേസുകൾ കണ്ടെത്തിയതെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്. അസുഖത്തിന്റെ ലക്ഷണങ്ങളൊന്നും കാണിക്കാത്തവർ സ്വന്തമായി പരിശോധന നടത്താൻ ശ്രമിക്കാറില്ല.

രോഗലക്ഷണങ്ങൾ ഇല്ലാത്തവരെയും രണ്ടാഴ്ച കാലത്തേക്ക് നീരീക്ഷണത്തിൽ ഏർപ്പെടുത്തുകയും വൈറസ്‌ പരിശോധന ഫലം നെഗറ്റീവ് ആയവരെ നീരീക്ഷണത്തിൽ നിന്നു പുറത്തയക്കാനും പോസിറ്റീവ് ഫലം വരുന്നവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ നടത്താനുമാണ് ചൈന ഇപ്പോൾ ഉദ്ദേശിക്കുന്നത്.
രോഗലക്ഷണങ്ങൾ കാണിക്കാത്ത 6,764 പേരിൽ വൈറസ്‌ പരിശോധന നടത്തിയപ്പോൾ ഇതിൽ 1,297 പേർ രോഗബാധിതരാണെന്നു കണ്ടെത്തിയെന്നു ചൈന ദേശീയ ആരോഗ്യ കമ്മീഷൻ വ്യക്തമാക്കുന്നു.
ഇതിൽ ബാഹ്യമായി രോഗലക്ഷണങ്ങൾ കാണിക്കാത്ത 1,023 പേർ ഇപ്പോൾ നീരീക്ഷണത്തിൽ ആണ്.

ലോകത്തെ ഞടുക്കി 20 ലക്ഷത്തിലേറെ പേരെ രോഗികളാക്കിയ കൊറോണ വൈറസ്
കഴിഞ്ഞ ഡിസംബറിൽ മധ്യ ചൈനീസ് നഗരമായ വുഹാനിൽ നിന്നാണ് പൊട്ടി പുറപ്പെട്ടത്. ഈ വൈറസ് ചൈനയിൽ 82,000 പേരെ രോഗ ബാധിതരാക്കുകയും മൂവായിരത്തിലധികം ജീവനെടുക്കുകയും ചെയ്തെന്നാണ് ചൈന പുറത്തു വിട്ടത്. എന്നാൽ യഥാർഥ മരണം 42000 ത്തിൽ അധികമാണെന്ന് സൂചനയുണ്ട്. ലോകത്താകെ കൊറോണ അപഹരിച്ചത് ഒന്നേകാൽ ലക്ഷത്തിലധികം മനുഷ്യ ജീവനുകളാണ്.