സാഹചര്യം മനസിലാക്കൂ; ലോകാരോഗ്യ സംഘടനയ്ക്ക് ധനസഹായം നിർത്തരുത് ; ട്രംപിന് ബിൽ ഗേറ്റ്സിന്റെ മുന്നറിയിപ്പ്

വാഷിങ്ടൺ : ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം തൽക്കാലം നൽകേണ്ടെന്ന അമേരിക്കയുടെ തീരുമാനം അപകടകരമാണെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും അമേരിക്കന്‍ ഡോക്ടര്‍മാരുടെ സംഘടനയായ എ.എം.എയും രംഗത്ത്.
ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തിലുള്ള അസംതൃപ്തി ബില്‍ഗേറ്റ്‌സ് ട്വിറ്ററിലൂടെയാണ് പറഞ്ഞത്.

”ലോകമാകെ ആരോഗ്യ പ്രതിസന്ധിയില്‍ നില്‍ക്കുന്ന അവസരത്തില്‍ ലോകാരോഗ്യ സംഘടനയ്ക്കുള്ള ധനസഹായം നിര്‍ത്തുന്നുവെന്നത് അപകടകരമാണ്. ഇത് കൊറോണ വ്യാപനം തടയുന്നതിനുള്ള ലോകാരോഗ്യ സംഘടനയുട ശ്രമങ്ങളുടെ വേഗത കുറക്കും. മറ്റൊരു സംഘടനയും ലോകാരോഗ്യ സംഘടനയുടെ പകരമാകില്ല. എന്നത്തേക്കാളും കൂടുതല്‍ ലോകാരോഗ്യസംഘടനയെ ആവശ്യമുള്ള സമയമാണിതെന്നും ബില്‍ഗേറ്റ്‌സ് പറഞ്ഞു.

അതേസമയം അമേരിക്കൻ പ്രസിഡന്റ് തീരുമാനം പുനഃപരിശോധിക്കണമെന്നും നൂറ്റാണ്ടിലെ മഹാമാരിയെ നേരിടാനുള്ള ലോകാരോഗ്യ സംഘടനയുടെ ശ്രമങ്ങള്‍ അപകടത്തിലാക്കുന്നതുമാണ് ഈ തീരുമാനമെന്നും
അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷൻ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നത്.

ചൈനയെ ലോകാരോഗ്യ സംഘടന അതിരുവിട്ടു സഹായിക്കുന്നുവെന്നും വൈറസ് വ്യാപനം തടയുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപെട്ടെന്നും അതുകൊണ്ട്
ലോകാരോഗ്യ സംഘടനക്കുള്ള ധനസഹായം അമേരിക്ക നിർത്തുകയാണെന്നും ട്രംപ് അറിയിച്ചിരുന്നു.

അമേരിക്കക്കാര്‍ 400 ദശലക്ഷം ഡോളറിനും 500 ദശലക്ഷം ഡോളറിനും ഇടക്കുള്ള തുകയാണ് പ്രതിവര്‍ഷം ലോകാരോഗ്യ സംഘനക്ക് നല്‍കുന്നത്. എന്നാല്‍, ചൈന 40 ദശലക്ഷം ഡോളര്‍ മാത്രമാണ് നല്‍കുന്നതെന്നുമായിരുന്നു ട്രംപ് താരതമ്യം ചെയ്തത്.