പ്രവാസികൾ മടങ്ങിയെത്തിയാൽ നിരീക്ഷണത്തിലാക്കാൻ ക്രമീകരണങ്ങൾ ; കേന്ദ്രം ഉടൻ യാത്രാ സൗകര്യമൊരുക്കില്ല

തിരുവനന്തപുരം: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ പ്രവാസികൾ കൂട്ടത്തോടെ തിരികെയെത്തിയാൽ സ്വീകരിക്കാനുള്ള ഒരുക്കത്തിലേക്ക് സർക്കാർ. തിരികെയെത്തുന്ന എല്ലാവരെയും നിരീക്ഷണത്തിൽ പാർപ്പിക്കാനായി ജില്ലകളിൽ നിരീക്ഷണകേന്ദ്രങ്ങളൊരുക്കും. ഹോട്ടലുകളും റിസോർട്ടുകളും ഇതിനായി ഏറ്റെടുക്കും. സ്ഥാപനങ്ങൾ കണ്ടെത്താനും ക്രമീകരണങ്ങളൊരുക്കാനും കളക്ടർമാർക്ക് നിർദേശം നൽകി.

പ്രവാസികളെയെത്തിക്കാനുള്ള നടപടി സ്വീകരിക്കേണ്ടത് കേന്ദ്രസർക്കാരാണ്. നിലവിൽ ഏതു രാജ്യത്താണോ കഴിയുന്നത് അവിടെ സുരക്ഷിതമായി കഴിയണമെന്നാണ് ഇക്കാര്യത്തിൽ ഇപ്പോഴും കേന്ദ്രത്തിന്റെ സമീപനം. തൊഴിലാവശ്യത്തിനെത്തിയവരെ തിരികെക്കൊണ്ടുപോകണമെന്ന് യു.എ.ഇ. ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരമൊരു നിലപാട് മറ്റൊരിടത്തുനിന്നും ഉണ്ടായിട്ടില്ല. പത്തുലക്ഷം മലയാളികളെങ്കിലും അവിടെയുണ്ട്. അതിനാൽ, ഏതുസാഹചര്യത്തെയും കരുതലോടെയും സുരക്ഷിതമായും നേരിടാനാണ് കേരളത്തിന്റെ നീക്കം.

കേന്ദ്ര തീരുമാനമറിഞ്ഞശേഷമായിരിക്കും സംസ്ഥാനത്ത് അന്തിമതീരുമാനം. താമസസൗകര്യം കണ്ടെത്താനുള്ള നടപടിയാണ് തുടങ്ങിയത്. പൊതുമരാമത്ത് വകുപ്പ് കെട്ടിടവിഭാഗത്തിനാണ് മുറികൾ സജ്ജീകരിക്കുന്നതിനുള്ള ചുമതല. രണ്ടരലക്ഷം മുറികൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 1.24 ലക്ഷം മുറികളിൽ എല്ലാസൗകര്യവും ഉറപ്പുവരുത്തി.

പണം നൽകി ഉപയോഗിക്കാൻ പാകത്തിലുള്ളതും അല്ലാത്തതുമായ കെയർ സെന്ററുകളാണ് പ്രവസികൾക്കായി തയ്യാറാക്കുക. ആലപ്പുഴയിൽ പുരവഞ്ചികളിലടക്കം താമസസൗകര്യമുണ്ട്. 2000 കിടക്കകളാണ് പുരവഞ്ചിയിലുള്ളത്. ആലപ്പുഴ നഗരസഭ 300 പേർക്ക് സൗകര്യം ഒരുക്കാമെന്ന് അറിയിച്ചിട്ടുണ്ട്. വയനാട് ജില്ലയിലെ മുഴുവൻ ഹോട്ടലുകളും റിസോർട്ടുകളും വില്ലകളുമടക്കം 135 സ്ഥാപനങ്ങൾ ഇതിനകം ഏറ്റെടുത്ത് കൊറോണ കെയർ സെന്ററുകളാക്കി. മറ്റ് ജില്ലകളിലും ഏറ്റെടുക്കേണ്ട ഹോട്ടലുകളുടെയും റിസോർട്ടുകളുടെയും പട്ടിക തയ്യാറാക്കി.