വിയറ്റ്നാം: ലോക്ക്ഡൗണിൽ പട്ടിണി ഉണ്ടാകാതെ ഇരിക്കാൻ അരി എ.ടി.എമ്മുകള്‍ സ്ഥാപിച്ച് വിയറ്റ്നാം. അര്‍ഹതപ്പെട്ടവര്‍ക്ക് സൗജന്യമായി അരി നല്‍കുന്നവയാണ് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ ‘അരി എ.ടി.എമ്മുകള്‍’.
ഒരാള്‍ക്ക് ഒരുതവണ ഒന്നര കിലോ അരി വീതമാണ് നല്‍കുക. പരമാവധിപേര്‍ക്ക് ഈ സംവിധാനം പ്രയോജനപ്പെടുത്താന്‍ വേണ്ടിയാണിത്. ഹോചിമിന്‍ സിറ്റിയിലെ സംരംഭകനായ ഹോന്‍ങ് ടുവാന്‍ ആന്‍ഹ് ആണ് ഈ അരി എ.ടി.എമ്മിന്റെ സൂത്രധാരൻ.
വിയറ്റ്നാമിലെ ഹാനോയ്, ഹ്യു, ഡാനങ് എന്നീ നഗരങ്ങളിലും അരി എ.ടി.എമ്മുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഹോന്‍ങ് ടുവാന്‍ ആന്‍ഹ് തന്നെയാണ് ഇതിന് അരി എടിഎം എന്ന് പേരും നൽകിയത്. ‘ജനങ്ങള്‍ക്ക് അരി പിന്‍വലിക്കാന്‍ സാധിക്കുന്നതുകൊണ്ടാണ് ഞാന്‍ ഇതിനെ അരി എ.ടി.എം എന്നു വിളിക്കുന്നത്. ഓരോരുത്തര്‍ക്കും ജീവിതം തിരിച്ചുപിടിക്കാനാകുമെന്ന പ്രതീക്ഷ നല്‍കുകയാണ് ലക്ഷ്യം’ ആന്‍ഹ് പറയുന്നു.
അതേ സമയം വിയറ്റ്‌നാമില്‍ ഇതുവരെ 262 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഒരു മരണം പോലും രേഖപ്പെടുത്തിയിട്ടില്ല. കൊറോണയെ തുരത്താന്‍ വീടുകളില്‍ അടച്ചിരിക്കുമ്പോഴും സാധാരണക്കാര്‍ പട്ടിണിയാവില്ലെന്നുറപ്പുവരുത്തുകയാണ് വിയറ്റ്‌നാം നഗരങ്ങളില്‍പലയിടത്തായി സ്ഥാപിച്ചിരിക്കുന്ന ‘അരി എ.ടി.എമ്മുകള്‍’.