ലോകമെങ്ങും മരിച്ചത് 1,14,101 പേർ; കൊറോണ ബാധിതർ 19 ലക്ഷത്തിലേക്ക്; 30 ശതമാനം അമേരിക്കയിൽ: ചൈനയിൽ രണ്ടാമൂഴം

ന്യൂയോർക്ക്: ലോകത്താകെ കൊറോണ ബാധിതരുടെ എണ്ണം 19 ലക്ഷത്തിലേക്ക്. ജോൺസ് ഹോപ്കിൻസ് യൂണിവേഴ്സിറ്റി കണക്കുപ്രകാരം 1,846,680 പേർക്കാണ് ഇതുവരെ വൈറസ് ബാധിച്ചത്. മരണ സംഖ്യയും കുതിച്ചുയരുകയാണ്. 1,14,101 ജീവനുകൾ നഷ്ടമായി. ഞായറാഴ്ച മാത്രം 5000ത്തോളം പേർ മരിച്ചു. ലോകത്ത് ആകെയുള്ള രോഗികളിൽ 30 ശതമാനവും അമേരിക്കയിലാണ്.

കൂടുതൽ മരണവും രോഗബാധിതരും അമേരിക്കയിലാണ്. 560,433 രോഗികളുള്ള യുഎസിൽ 22,115 പേർ മരിച്ചു. ഇതിൽ 9000 മരണവും ന്യൂയോർക്കിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1500ലേറെ മരണം യുഎസിൽ റിപ്പോർട്ട് ചെയ്തു.

സ്പെയ്നിലും ഇറ്റലിയിലും മരണ നിരക്കിൽ നേരിയ കുറവുണ്ട്. സ്പെയ്നിൽ 603 പേരും ഇറ്റലിയിൽ 431 പേരുമാണ് കഴിഞ്ഞ ദിവസം മരണപ്പെട്ടത്. 19,899 പേരാണ് ഇതുവരെ ഇറ്റലിയിൽ മരിച്ചത്. രോഗബാധിതർ 156,363 പേർ. സ്പെയ്നിൽ 166,831 രോഗബാധിതരിൽ 17,209 പേർ മരിച്ചു. ഫ്രാൻസിൽ 14,393 പേരുടെ ജീവൻപൊലിഞ്ഞു. ബ്രിട്ടണിൽ മരണ സംഖ്യ പതിനായിരവും ജർമനിയിൽ മൂവായിരവും പിന്നിട്ടു.

71000ത്തിലേറെ രോഗികളുള്ള ഇറാനിൽ മരണം 5000ത്തിലേക്ക് അടുക്കുന്നു. ബെൽജിയത്തിൽ 3600 പേരും നെതർലൻഡ്സിൽ 2737 പേരും മരിച്ചു. അതേസമയം ലോകത്താകെ രോഗമുക്തരായവരുടെ എണ്ണം 423,311 ആയി. ചൈനയിലാണ് കൂടുതൽ രോഗമുക്തർ. 13 ലക്ഷത്തിലേറെ പേർ വിവിധ രാജ്യങ്ങളിൽ ചികിത്സയിൽ തുടരുകയാണ്. ഇതിൽ 50000ത്തോളം പേരുടെ നില ഗുരുതരമാണ്. അതിനാൽതന്നെ മരണസംഖ്യ ഇനിയും ഉയർന്നേക്കും.

ചൈനയില്‍ ഒരിടവേളക്കു ശേഷം രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനവുണ്ടാകുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. പൂർണമായും രോഗവിമുക്തമായി എന്നവകാശപ്പെട്ട ചൈനയിൽ ഇന്നലെ മാത്രം 99 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വിദഗ്ധർ പ്രവചിക്കുന്നതു പോലെ കൊറോണയുടെ ചൈനയിലെ രണ്ടാം വരവായി കണക്കാക്കേണ്ടിയിരിക്കുന്നു.