ഇന്ത്യയടക്കം അടുത്ത ഹോട്ട് സ്പോട്ടുകളാകാൻ സാധ്യത; ദക്ഷിണേഷ്യൻ രാജ്യങ്ങൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്; ലോകബാങ്ക്

വാഷിംഗ്ടൺ: ദക്ഷിണേഷ്യൻ രാജ്യങ്ങൾ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതായി ലോക ബാങ്ക്. നാൽപത് വർഷത്തിനിടയിലെ ഏറ്റവും വലിയ പ്രതിസന്ധി ആണിതെന്ന് ലോക ബാങ്ക് വ്യക്തമാക്കി. ഇന്ത്യയടക്കം അടുത്ത ഹോട്ട് സ്പോട്ടുകളാകാൻ സാധ്യതയുണ്ടെന്നും ലോകബാങ്ക് മുന്നറിയിപ്പ് നൽകി.

ഇന്ത്യ, ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ, മറ്റു ചെറിയ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കുറവാണ്. എന്നാലും അടുത്ത ഹോട്ട് സ്പോട്ടുകൾ ഈ രാജ്യങ്ങളാവാൻ സാധ്യതയുള്ളതായും ലോകബാങ്ക് പറഞ്ഞു. 1.8 ബില്യൺ ജനങ്ങളാണ് ഏഷ്യൻ രാജ്യങ്ങളിലുള്ളത്. ലോകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ തിങ്ങിപ്പാർക്കുന്ന നഗരങ്ങളുള്ളതും ഈ രാജ്യങ്ങളിലാണ്.

മിക്ക ഏഷ്യൻ രാജ്യങ്ങളുടെയും പ്രധാനപ്പെട്ട വരുമാന സ്രോതസ് ടൂറിസമാണ്. എന്നാൽ കൊറോണ ഭീതിയിൽ ടുറിസം മേഖല തകർന്നിരിക്കുകയാണ്. വസ്ത്ര നിർമാണ- കയറ്റുമതി മേഖലയിലുള്ള തളർച്ചയും ഈ രാജ്യങ്ങളെ പ്രതികൂലമായ അവസ്ഥയുണ്ടാക്കും.
കൊറോണ വ്യാപനത്തിന് മുൻപ് തന്നെ ഈ രാജ്യങ്ങളിലെ സാമ്പത്തിക വളർച്ചയ്ക്ക് കോട്ടമുണ്ടാകുമെന്നായിരുന്ന വിദഗ്ധരുടെ കണക്കുകൂട്ടൽ. കൊറോണ ബാധ അതിന് ആഴം കൂട്ടാനുള്ള സാഹചര്യമൊരുക്കി.ഈ അവസ്ഥ തുടർന്നാൽ രാജ്യങ്ങളിലെ സാമ്പത്തിക അടിത്തറയെ തന്നെ ഗുരുതരമായി ബാധിക്കും.

വ്യാവസായിക-സാമ്പത്തിക മേഖലകളിലുണ്ടായ അനിശ്ചിതാവസ്ഥയിൽ നിരവധി പേരാണ് തൊഴിൽരഹിതരായത്. സാമൂഹിക അസന്തുലിതാവസ്ഥയ്ക്കും വരാൻ പോകുന്ന സാമ്പത്തിക പ്രതിസന്ധി വഴിതെളിക്കുമെന്ന് മുന്നറിയിപ്പുണ്ട്. തൊഴിലാളികൾക്ക് സാമ്പത്തികമായി പിന്തുണയും പരിഗണനയും നൽകിയില്ലെങ്കിൽ ഗുരുതരമായ സാമൂഹിക അസന്തുലിതാവസ്ഥയെ നേരിടേണ്ടി വരുമെന്നും ലോക ബാങ്ക് മുന്നറിയിപ്പ് നൽകി. അന്താരാഷ്ട്ര നാണയനിധിക്ക് പിന്നാലെയാണ് മാന്ദ്യമുന്നറിയിപ്പ് നൽകി ലോക ബാങ്കും രംഗത്ത എത്തിയത്.