കൊറോണ പ്രതിരോധ വാക്സിൻ സെപ്റ്റംബറിൽ; ആവശ്യത്തിന് നിർമ്മിക്കാൻ സമയമെടുക്കും ?

ലണ്ടൻ : സെപ്തംബറോടെ കൊറോണയെ ചെറുക്കാനുള്ള വാക്‌സിന്‍ സെപ്റ്റംബറിൽ തയ്യാറാകുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ കൊറോണ വാക്‌സിന്‍ പരീക്ഷണത്തില്‍ മുന്നേറിയ സാറ ഗില്‍ബര്‍ട്ടിനേയും സംഘത്തേയും ഉദ്ധരിച്ച് ദ ടൈംസാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്.

എട്ട് മാസത്തിനുള്ളില്‍ ലോകം കാത്തിരിക്കുന്ന ആ വാക്‌സിന്‍ യാഥാര്‍ഥ്യമാകുമെന്നാണ് ഓക്‌സ്‌ഫോഡ് സര്‍വകലാശാലയിലെ വാക്‌സിനോളജി പ്രൊഫസറായ സാറ ഗില്‍ബര്‍ട്ട് പറയുന്നത്. സെപ്തംബറോടെ വാക്സിൻ നിർമാണം പൂർത്തിയാകുമെന്ന് സാറ ഉറപ്പ് നൽകുന്നു.
അതേസമയം ഒരു വര്‍ഷം മുതല്‍ ഒന്നര വര്‍ഷം വരെ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ സമയമെടുക്കുമെന്ന് വിദഗ്ധര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിനിടെയാണ് സാറ ഗില്‍ബര്‍ട്ടിന്റേയും സംഘത്തിന്റേയും വാക്കുകൾ ആശ്വാസമാകുന്നത്.

ലോകമെങ്ങുമുള്ള ഗവേഷകര്‍ കൊറോണക്ക് എതിരായുള്ള വാക്‌സിന്‍ നിര്‍മ്മിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ബ്രിട്ടനിലെ വാക്‌സിന്‍ നിര്‍മ്മാണ ശ്രമങ്ങളാണ് ഏറ്റവും പുരോഗമിച്ചതെന്ന് സാറ ഗില്‍ബര്‍ട്ട് സംഘത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തി ദി ടൈംസ് വിശേഷിപ്പിച്ചിരിക്കുന്നത്. രണ്ട് ആഴ്ച്ചക്കുള്ളില്‍ വാക്‌സിന്‍ മനുഷ്യരില്‍ പരീക്ഷിക്കുമെന്നാണ് സാറ അറിയിച്ചിരിക്കുന്നത്.

പരീക്ഷണം വിജയിച്ചാല്‍ പോലും ലോകത്തിന് ആവശ്യമുള്ളത്രയും അളവില്‍ വാക്‌സിന്‍ നിര്‍മ്മിക്കാന്‍ പിന്നെയും മാസങ്ങളെടുക്കുമെന്നതും വെല്ലുവിളിയാണ്. ഇതിനെ മറികടക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. വാക്‌സിന്‍ വിജയിക്കുമെന്ന പ്രതീക്ഷയില്‍ പരീക്ഷണ വേളയില്‍ തന്നെ വലിയ തോതില്‍ വാക്‌സിന്‍ ഉത്പാദിപ്പിക്കുകയാണ് ഈ സമയനഷ്ടം ഒഴിവാക്കാനുള്ള ഏക മാര്‍ഗ്ഗം. ഇതിനായി ബ്രിട്ടീഷ് സര്‍ക്കാരില്‍ നിന്നും പ്രത്യേകം പണം അനുവദിക്കണമെന്ന ആവശ്യവും ഈ ഗവേഷക സംഘം മുന്നോട്ടുവെച്ചിട്ടുണ്ട്. എല്ലാം വിചാരിച്ചപോലെ നടന്നാല്‍ സെപ്തംബറില്‍ ആ ശുഭവാര്‍ത്ത ലോകമറിയുമെന്നാണ് സാറ ഗില്‍ബര്‍ട്ട് പ്രതീക്ഷ പ്രകടിപ്പിക്കുന്നത്.