വാഷിംഗ്ടൺ: കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള പുതിയ സാങ്കേതിക വിദ്യയ്ക്കായി ആപ്പിളും ഗൂഗിളും കൈകോർക്കുന്നു. രോഗ ബാധിതരുടെ സമീപമെത്തിയാൽ ഈ ആപ്പ് മുന്നറിയിപ്പ് നൽകും. കോൺടാക്ട്രെയിസിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചു ലോകത്തിലെ മൂന്നിലൊന്ന് ജനങ്ങളെ ഇപ്രകാരം നിരീക്ഷിക്കാനാകും. അസുഖ ബാധിതരുമായി ഇടപെടാൻ ഇടയായാൽ സ്വയം ഐസോലെഷനിൽ പോകാൻ മുന്നറിയിപ്പു നൽകും. ഇതിന്റെ ഭാഗമാകാൻ ഉപയോക്താക്കളുടെ അനുവാദം വേണമെങ്കിലും രണ്ടാം ഘട്ടത്തിൽ ആപ്പ് ഡൗൺലോഡ് ചെയ്യാതെ ആൻഡ്രോയിഡ്, ഐഒഎ സിന്റെ ഭാഗമായി ഈ സേവനം ലഭ്യമാകും. തികച്ചും സ്വകാര്യമായാണ് ഈ വിവരങ്ങൾ വൈദ്യശാസ്ത്രരംഗത്തെ നിരീക്ഷണ സംവിധാനങ്ങൾക്ക് ഡിജിറ്റൽ-ടെക് രംഗത്തെ വമ്പന്മാരായ ആപ്പിളും ഗൂഗിളും കൈമാറുന്നത്.
കൊറോണ വൈറസ് യുദ്ധത്തെ മികച്ചതും ഫലപ്രദവുമായ രീതിയിൽ നേരിടാൻ ആപ്പിളും ഗൂഗിളും തങ്ങളുടെ എഞ്ചിനീയറിംഗ് വൈദഗ്ധ്യമാണ് ഉപയോഗിച്ചിരിക്കുന്നത്. ബ്ലൂടൂത്ത് സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഐഒഎസ്, ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ ഉപയോഗിക്കാൻ സാധിക്കുന്ന ട്രെയ്സിങ്ങ് ടൂൾ നിർമ്മിക്കാനൊരുങ്ങുകയാണ് കമ്പനികൾ.
സാങ്കേതിക വിദ്യ വിജയകരമാണെങ്കിൽ, പകർച്ചവ്യാധിയെ നിയന്ത്രിക്കാനും സമൂഹത്തെ സാധാരണ ജീവിതത്തിലേക്ക് മാറ്റുന്നതിനുമുള്ള ആദ്യപടിയായിരിക്കാം ഇത്.
കോൺടാക്റ്റ് ട്രെയ്സിംഗ് എന്ന് വിളിക്കപ്പെടുന്ന ഈ സാങ്കേതിക വിദ്യക്ക് കൊറോണ വൈറസിന്റെ വ്യാപനം മന്ദഗതിയിലാക്കാൻ സഹായിക്കുമെന്ന് കണക്കാക്കുന്നു.മെയ് പകുതിയോടെ സോഫ്റ്റ്വെയർ പുറത്തിറക്കുമെന്ന് ആപ്പിളും ഗൂഗിളും അറിയിച്ചു. ഐട്യൂൺസ് ആപ്പ് സ്റ്റോർ, ഗൂഗിൾ പ്ലേ സ്റ്റോർ എന്നിവയിലൂടെ ആപ്ലിക്കേഷനുകൾ ലഭ്യമാകും.
ഇത് സ്മാർട്ട്ഫോണിന്റെ ബ്ലൂടൂത്ത് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കോൺടാക്ട് ട്രെയിസിംഗ് രീതിയാണ്. ഇന്ത്യ ഉൾപ്പടെ പല രാജ്യങ്ങളിലും ഇപ്പോൾ കോൺടാക്ട് ട്രെയിസിംഗ് ചെയ്യുന്നുണ്ട്. ഇത് കൂടുതൽ എളുപ്പമാക്കുകയാണ് ഗൂഗിളും ആപ്പിളും ലക്ഷ്യമിടുന്നത്. എന്നാൽ ഇപ്പോൾ ഗൂഗിളിന്റെ ലൊക്കേഷൻ സർവീസ് ഉപയോഗിച്ചാണ് ആളുകളുടെ വിവരങ്ങൾ ശേഖരിക്കുന്നത് ഇതു സ്വകാര്യതയ്ക്ക് ഭീഷണിയായി മാറുന്നതുകൊണ്ടാണ് പുതിയൊരു സാങ്കേതിക വിദ്യ കണ്ടുപിടിക്കാൻ ഇവർ തയാറായത്. കൂടുതൽ സുരക്ഷിതത്വത്തോടെ ഉപഭോക്താക്കളുടെ വിവരങ്ങൾ ചോരാതെ ഈ സാങ്കേതിക വിദ്യയിലൂടെ ആളുകളുടെ വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുമെന്നാണ് ഗൂഗിളും ആപ്പിളും അവകാശപ്പെടുന്നത്. അതേസമയം തങ്ങളുടെ ശക്തി സമൂഹത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കുന്നതിനുള്ള ഒരു മാർഗമായുമാണ് ഇരുകൂട്ടരും ഇത് കാണുന്നത്.