ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന്; ഇന്ത്യ സഹായമായത് 28 രാജ്യങ്ങൾക്ക്; ഏഷ്യൻ രാജ്യങ്ങൾക്ക് നൽകിയത് സൗജന്യമായി

ന്യൂഡെൽഹി : കൊറോണ ചികിൽസയ്ക്കുപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ മരുന്ന് ഇന്ത്യ കയറ്റി അയച്ചത് 28 രാജ്യങ്ങളിലേക്ക്‌. ഭൂട്ടാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മ്യാൻമർ, സീഷെൽസ്, മൗറീഷ്യസ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങൾക്കും സൗജന്യമായി ആണ് മരുന്ന് നൽകിയത്.
അതേസമയം, അമേരിയ്ക്കയിലേക്ക് ഹൈഡ്രോക്‌സി ക്ലോറോക്വിൻ അയച്ചത് പണം ഈടാക്കിയാണ്. വാണിജ്യമന്ത്രാലയം എല്ലാ യൂറോപ്യൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങളിലേക്കും മരുന്ന് കയറ്റുമതിക്ക് അനുമതി നൽകിയിരുന്നു. സ്‌പെഷ്യൽ ഇക്കണോമിക് സോണുകളിൽ നിന്നും മരുന്ന് കയറ്റുമതി ഇന്ത്യ അനുവദിച്ചു.

മലേറിയ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ക്ലോറോക്വിൻ മരുന്നിന്‍റെ വകഭേദമാണ് ഹൈഡ്രോക്ലോറോക്വിൻ. ക്ലോറോക്വിനെ അപേക്ഷിച്ച് പാര്‍ശ്വഫലങ്ങള്‍ കുറവാണ് ഹൈഡ്രോക്സിക്ലോറോക്വിൻ.
റൂമറ്റോയ്ഡ് ആര്‍ത്രൈറ്റിസ്, ലൂപ്പസ് രോഗങ്ങളുടെ ചികിത്സയ്ക്കും ഈ മരുന്ന് ഉപയോഗിക്കുന്നുണ്ട്. ലോകവ്യാപകമായി ലഭ്യമായ ഈ മരുന്ന് കൊറോണ ചികിത്സയ്ക്ക് ഉപയോഗിക്കാമെന്ന് ചില ലാബ് പരീക്ഷണങ്ങളില്‍ തെളിഞ്ഞതോടെ ഇതിന് വൻതോതില്‍ ആവശ്യക്കാരേറുകയായിരുന്നു. ഇതിനു പിന്നാലെയാണ് മരുന്നിന്‍റെ ഏറ്റവും വലിയ ഉത്പാദകരായ ഇന്ത്യ കയറ്റുമതി നിര്‍ത്തി വെച്ചത്.
യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ ആവശ്യപ്രകാരം ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി ഇന്ത്യ പുനരാരംഭിച്ചതോടെ രാജ്യത്ത് മരുന്നിന് ക്ഷാമമെന്ന് റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇതിനു പിന്നാലെയാണ് 28 രാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്ന് നൽകിയത്.