ന്യൂയോർക്ക് :കൊറോണയെ ഭീകരർ ആയുധമാക്കാൻ സാധ്യതയുണ്ടെന്ന് ഐക്യരാഷ്ട്ര സഭ. ലോകം മുഴുവനും കൊറോണ ഭീതിയിലാണെന്ന സാഹചര്യം മുതലെടുത്തു ഭീകരർ കോറോണയെ ഒരു ജൈവായുധമായി ഉപയോഗിക്കാൻ സാദ്ധ്യതകൾ ഏറെയുണ്ടെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് മുന്നറിയിപ്പ് നൽകി.
വൈറസ് ബാധിച്ചയാളിൽ നിന്നുള്ള സ്രവകണങ്ങളോ സാമ്പിളുകളോ ഉപയോഗിച്ച് ഭീകരർ ലോകമെമ്പാടും വലിയ രോഗപ്പകർച്ചയ്ക്ക് ഇടവരുത്തുമെന്നാണ് അദ്ദേഹം പറയുന്നത്.
കൊറോണ വിഷയം ചർച്ച ചെയ്യാൻ യുഎൻ രക്ഷാസമിതി അംഗങ്ങൾ വീഡിയോ കോൺഫറൻസ് മുഖേന കൂടിക്കാഴ്ച നടത്തുമ്പോഴാണ് അന്റോണിയോ ഗുട്ടെറസ് ഇത്തരമൊരു പരാമർശം നടത്തിയത്.
ഇതൊരു ആരോഗ്യ പ്രതിസന്ധിയാണെങ്കിലും, പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും ഇതൊരു ഭീഷണിയാണ്. സാമൂഹികമായ അസമത്വങ്ങളും അക്രമങ്ങളും കൊറോണയുമായുള്ള പോരാട്ടത്തെ ബാധിക്കും. ഈ ബലഹീനതകളും തയ്യാറെടുപ്പുകളുടെ അഭാവവും ഒരു ജൈവ ഭീകരാക്രമണത്തിനുള്ള ജാലകം തുറന്നിടുന്നു. അതുമൂലം വലിയ പ്രതിസന്ധിയാണ് ഉണ്ടാകാൻ പോകുന്നത്.
ഭീകരവാദ ഭീഷണി എല്ലാ രാജ്യങ്ങളിലും ഇന്നും നിലനിൽക്കുന്നുണ്ട്. എല്ലാ സർക്കാരുകളും കൊറോണയ്ക്ക് എതിരായുള്ള പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ നിലവിലെ സാഹചര്യത്തിൽ ഭീകരസംഘടനകൾ ഇതിനെയൊരു അവസരമായി കണ്ട് ആക്രമണത്തിന് മുതിർന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു.