അമേരിക്കയിലേക്ക് മരുന്ന് കയറ്റുമതിക്ക് ഇന്ത്യയുടെ അനുമതി ; ഉത്തരവ് വരും മുമ്പ് ട്രംപിന്റെ വിരട്ട്; രാഷ്ട്രീയവൽക്കരിക്കരുതെന്ന് ഇന്ത്യ

ന്യൂഡെൽഹി: കൊറോണ രോഗ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്സി ക്ലോറോക്വിൻ മരുന്ന് അമേരിക്കയിലേക്ക് കയറ്റി അയക്കാൻ ഇന്ത്യ അനുമതി നൽകി. മരുന്ന് കയറ്റി അയക്കാൻ അനുമതി നൽകണമെന്ന് ഞായറാഴ്‌ച അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർഥിച്ചതിന്റെ പശ്ചാതലത്തിലാണ് കയറ്റുമതി നിരോധനം നീക്കിയത്. ട്രംപിന്റെ ആവശ്യം കൂടി പരിഗണിച്ച്‌ 24 മരുന്നുകളുടെ കയറ്റുമതി നിരോധനം പിന്‍വലിച്ചിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ രാഷ്ട്രീയ വിവാദങ്ങൾ ആവശ്യമില്ലെന്നും ഇന്ത്യ വ്യക്തമാക്കി. നേരത്തേ ഇന്ത്യ കയറ്റുമതിക്ക് അനുവദിച്ചിലെങ്കിൽ പിന്നീട് തിരിച്ചടിയുണ്ടാകുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
“ഞായറാഴ്ച ഞാൻ മോദിയുമായി സംസാരിച്ചിരുന്നു. ഞങ്ങൾക്കാവശ്യമുള്ള മരുന്ന് എത്തിച്ചു നൽകുന്നതിനെ ഞങ്ങൾ വിലമതിക്കും. ഇനി ഇപ്പോൾ അത് ചെയ്തില്ലെങ്കിലും കുഴപ്പമൊന്നുമില്ല. പക്ഷെ തിരിച്ചടിയുണ്ടായേക്കാം. അതുണ്ടാവാതിരിക്കേണ്ട ആവശ്യമൊന്നുമില്ലല്ലോ”, എന്നാണ് തിങ്കളാഴ്ച പ്രസ് കോൺഫറൻസിൽ ട്രംപ് പറഞ്ഞത്. ട്രംപ് മോദിയെ വിളിച്ചെങ്കിലും കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ തീരുമാനമെടുത്തിരുന്നില്ല. ഇതാണ് ട്രംപിനെ ചൊടിപ്പിച്ചത്.
രാജ്യത്ത് കൊറോണ രോഗികൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ മാർച്ച് 25നാണ് മരുന്നുകളുടെയും മ കൊറോണ ചികിത്സയ്ക്കാവശ്യമായ മെഡിക്കൽ ഉപകരണങ്ങളുടെയും കയറ്റുമതി കേന്ദ്ര സർക്കാർ നിരോധിച്ചത്. ഈ പശ്ചാതലത്തിലാണ് കഴിഞ്ഞ ശനിയാഴ്ച ട്രംപ്
മോദിയെ വിളിച്ച് ഇറക്കുമതിക്ക് അനുമതി ചോദിച്ചത്.
അമേരിക്കയിൽ ഇതിനോടകം 3.66ലക്ഷം പേർക്ക് കൊറോണ സ്ഥിരീകരിക്കുകയും കൊറോണ മരണങ്ങൾ 10000 കടന്ന സാഹചര്യത്തിലാണ് ട്രംപ് ആവശ്യവുമായി ഇന്ത്യയെ സമീപിച്ചത്. ഹൈഡ്രോക്സി ക്ലോറോക്വിൻ പല കൊറോണ രോഗികളിലും ഫലപ്രദമായതിനെത്തുടർന്നാണ് ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.കയറ്റുമതിക്ക് അനുമതി നൽകിയതോടെ വിവാദത്തിന് താൽക്കാലിക വിരാമമായി.
മോദിയുമായി അടുത്ത ബന്ധമാണ് ട്രംപിനുള്ളത്. ഇത് തകരാന്‍ ഇരുരാജ്യങ്ങളും ആഗ്രഹിക്കുന്നില്ലെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. നേരത്തെ മൂന്ന് മില്യൻ ഡോളര്‍ ഇന്ത്യയിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ട്രംപ് നല്‍കിയിരുന്നു.