ഒഡീഷയിൽ ആശ്വാസം; കൊറോണ രോ​ഗി സുഖമായി ആശുപത്രി വിട്ടു

ഭുവനേശ്വർ: ഒഡീഷയിൽ കൊറോണ പോസിറ്റീവ് ആയിരുന്ന ആദ്യ രോ​ഗി സുഖപ്പെട്ട് ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ആയി. ഭുവനേശ്വറിലെ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന ഇയാളുടെ പരിശോധനാ ഫലം
നെ​ഗറ്റീവായതിനെ തുടർന്നാണ് ഡിസ്ചാർജ് ചെയ്തത്. ഒഡീഷയിൽ ഇപ്പോൾ മൂന്ന് കൊറോണ രോ​ഗികളാണുളളത്. 33 കാരനായ യുവാവാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നത്. മാർച്ച് 12 ന് ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയതിന് ശേഷമാണ് ഇയാൾക്ക് കൊറോണ ബാധ സ്ഥിരീകരിച്ചത്.
കൊറോണ ലക്ഷണങ്ങളുണ്ടെന്ന് സംശയിക്കുന്ന ആളുകൾ ആശുപത്രികൾ സന്ദർശിക്കരുതെന്നും പകരം 104 ലേക്ക് വിളിച്ചാൽ മതിയെന്നും ആരോ​ഗ്യ മന്ത്രാലയം വ്യക്തമാക്കി. ഈ നമ്പറിൽ ഡോക്ടേഴ്സിനെ ലഭ്യമാകുമെന്നും ആവശ്യമായ നിർദ്ദേശങ്ങൾ ഫോണിലൂടെ ലഭ്യമാകുമെന്നും നാഷണൽ ഹെൽത്ത് മിഷൻ ഡയറക്ടർ ശാലിനി പാണ്ഡേ പറഞ്ഞു.

രോഗികളുടെ എണ്ണത്തിൽ കുറവാണെങ്കിലും കൊറോണയ്ക്കെതിരേ ശക്തമായ മുൻകരുതലാണ് സർക്കാരും ജനങ്ങളും സ്വീകരിച്ചത്. ജനങ്ങൾ വളരെ കുറച്ച് മാത്രമേ നിരത്തിലിറങ്ങാറുള്ളു.മാസ്കും കൈയുറയും ധരിച്ച് അകലം പാലിച്ചാണ് അത്യാവശ്യകാര്യങ്ങൾക്ക് പോലും ഭുവനേശ്വറിലും പഴയ തലസ്ഥാനമായ കട്ടക്കിലും ജനങ്ങൾ പുറത്തിറങ്ങുന്നത്.