കുവൈറ്റിൽ 10 ഇന്ത്യക്കാരടക്കം 23 പേർക്ക് കൂടി കൊറോണ

കുവൈറ്റ് : കുവൈറ്റിൽ 10 ഇന്ത്യക്കാരടക്കം 23 പേര്‍ക്ക് ചെവ്വാഴ്ച്ച കൊറോണ സ്ഥിരീകരിച്ചു. ഇന്ന് 10 പേര്‍ക്ക് കൂടി കൊറോണ കണ്ടെത്തിയതോടെ മൊത്തം 35 ഇന്ത്യക്കാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. വിദേശ രാജ്യങ്ങളില്‍ പോയി മടങ്ങി എത്തിയവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ക്കാണ് രോഗം കണ്ടെത്തിയത്. പുതിയതായി 23 പേര്‍ക്കു കൂടി കോറോണ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 289 ആയതായി ആരോഗ്യമന്ത്രാലവക്താവ് ഡോ.അബ്ദുള്ള അല്‍ സനാദ് അറിയിച്ചു. കൂടുതല്‍ ഇന്ത്യക്കാര്‍ക്ക് കൊറോണ രോഗം കണ്ടെത്തിയതോടെ പ്രതിരോധ നടപടികള്‍ കൂടുതല്‍ ശക്തമാക്കുന്നതിനാണ് സര്‍ക്കാര്‍ തീരുമാനം. രാജ്യത്ത് കൊറോണ രോഗം ബാധിച്ചവരില്‍ സ്വദേശികള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ഇന്ത്യക്കാരാണ്.

അതേസമയം 82 വയസ്സുള്ള സ്വദേശി വനിത കൊറോണ രോഗ വിമുക്തയായതായി ആരോഗ്യ മന്ത്രി ഡോ. ബാസില്‍ അല്‍ സബാഹ് അറിയിച്ചു. തുടര്‍ന്നുള്ള ചികിത്സക്കായി പ്രത്യേക നിരീക്ഷണ കേന്രത്തിലേക്ക് മാറ്റി. ഇതുവരെ 73 പേര്‍ രോഗവിമുക്തമായതായും 911 പേര്‍ ക്വാറന്റൈന്‍ നിരീക്ഷണം പൂര്‍ത്തിയാക്കി വിട്ടയച്ചതായും 13 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലുമാണ്. മലയാളികള്‍ തിങ്ങി വസിക്കുന്ന പ്രദേശങ്ങളില്‍ കൊറോണ രോഗബാധ സ്ഥിരീകരിച്ചതോടെ വലിയ ആശങ്കയിലും ഉത്കണ്ഠയിലുമാണ് പ്രദേശ വാസികള്‍. കഴിഞ്ഞ ദിവസം കൊറോണ രോഗബാധ കണ്ടെത്തിയ ജലീബ് ശുയൂഖില്‍ മലയാളികളടക്കം ഇന്ത്യക്കാര്‍ താമസിക്കുന്ന കെട്ടിടം കര്‍ശന സുരക്ഷാ നിരീക്ഷണത്തിലാണ്.