കാലിഫോർണിയ: ക്ലോസറ്റിൽ നക്കി കൊറോണവൈറസ് ചലഞ്ച് നടത്തിയ യുവാവിനു കൊറോണ സ്ഥിരീകരിച്ചു. ചലഞ്ച് നടത്തിയതാണോ രോഗകാരണം എന്നു വ്യക്തമല്ല. ക്ലോസറ്റിൽ നക്കി കൊറോണവൈറസ് ചലഞ്ച് ചെയ്യുന്നതിന്റെ വിഡിയോ പങ്കുവച്ച് ദിവസങ്ങൾക്കകമാണു ടിക്ടോക് താരമായ ലാർസിനാണ് (21) കോവിഡ് പോസിറ്റീവ് ആയത്. മറ്റുള്ളവർക്ക് അസ്വസ്ഥതയുണ്ടാക്കുന്നത് ഉൾപ്പെടെയുള്ള സമൂഹമാധ്യമ ചലഞ്ചുകൾ ഏറ്റെടുക്കുകയും വിഡിയോകൾ തയാറാക്കുകയും ചെയ്തു കയ്യടി നേടുന്നയാളാണു ലാർസ്. ആശുപത്രി കിടക്കയിൽനിന്നുള്ള ഫൂട്ടേജ് പങ്കുവച്ച ലാർസ് തന്നെയാണു രോഗവിവരം വെളിപ്പെടുത്തിയത്.

സമൂഹമാധ്യമങ്ങളിൽ ഗേഷോൻമെൻഡിസ് എന്ന പേരിലറിയപ്പെടുന്ന ലാർസ്, രണ്ടു ദിവസം മുമ്പാണു കൊറോണചലഞ്ച് വിഡിയോ പങ്കുവച്ചത്. ഒരു പൊതുശുചിമുറിയിലെ ക്ലോസറ്റ് നക്കുന്ന വിഡിയോ ആണ് ചലഞ്ചിന്റെ ഭാഗമായി ഇയാൾ പോസ്റ്റ് ചെയ്തത്. ഏറെ വിമർശിക്കപ്പെടുമ്പോഴും ഒട്ടേറെപ്പേർ ഏറ്റെടുത്ത സമൂഹമാധ്യമ ചലഞ്ചാണിത്. നല്ല വരുമാനം കിട്ടുന്നുണ്ട് എന്നായിരുന്നു ഇതേപ്പറ്റിയുള്ള വിമർശനങ്ങൾക്കു ഒരു ടിവി ഷോയിൽ ലാർസിന്റെ മറുപടി. ബെവർലി ഹിൽസ് സ്വദേശിയായ ലാർസ് രോഗവിവരം അറിയിച്ച് ട്വീറ്റ് ചെയ്തതിനു പിന്നാലെ അക്കൗണ്ട് ട്വിറ്റർ സസ്പെൻഡ് ചെയ്തു. ടിക് ടോക്കിലാണു ചലഞ്ച് തരംഗമായത്.