യു.എ.ഇ ഇനി വിസ നൽകില്ല; സന്ദര്‍ശക വിസകളും റദ്ദാക്കും

ദുബായ്: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ ഇന്നുവരെ സന്ദർശക വിസ ലഭ്യമായവർക്കെല്ലാം അത് അസാധുവാക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്പ് അറിയിച്ചു. എല്ലാവിധ വിസകളുടെയും വിതരണം യു.എ.ഇ നിർത്തിവെച്ചതിന് പിന്നാലെയാണിത്.

ഇന്നു മുതൽ അനിശ്ചിതകാലത്തേക്ക് നയതന്ത്രവിസ ഒഴികെയുള്ള വിസകൾ നൽകില്ല.കൊറോണ നിയന്ത്രണവിധേയമായ ശേഷമേ വിസ നിയന്ത്രണത്തിൽ ഇളവുണ്ടാവൂ. സന്ദർശക, ബിസിനസ്, വിനോദസഞ്ചാര, തൊഴിൽ വിസകൾക്കും വിലക്ക് ബാധകമാണ്.
ഡിപ്ലോമാറ്റിക് പാസ്പോർട്ട് ഉള്ളവരെയും ഓൺഅറൈവൽ വിസക്ക് യോഗ്യതയുള്ളവരെയും നടപടിയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സന്ദർശക വിസയിലുള്ളവരെ യു.എ.ഇയിലേക്ക് എത്തിക്കരുതെന്ന് എയർലൈനുകൾക്ക് അധികൃതർ നിർദേശം നൽകി. ഇതുവരെ നൽകിയ എല്ലാ സന്ദർശക വിസകളും ഇതിനകം നിർത്തിവെച്ചു. ആറ് മാസത്തിന് മുകളിൽ യു.എ.ഇക്ക് പുറത്ത് തങ്ങിയവരെയും, യു.എ.ഇ വിസയുള്ള പാസ്പോർട്ട് നഷ്ടപ്പെടുത്തിയ യാത്രക്കാരെയും വിമാനക്കമ്പനികൾ രാജ്യത്തേക്ക് കൊണ്ടുവരാൻ പാടില്ല.
അതേസമയം മെഡിക്കൽ, കാലാവസ്ഥ വിഭാഗത്തിൽപെട്ടവർക്ക് എമർജൻസി വിസ വേണമെങ്കിൽ നൽകും. കൊറോണ വൈറസ് മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഎഇ നിയന്ത്രണങ്ങൾ കടുപ്പിച്ചത്.