അമ്മയിൽനിന്ന് കുഞ്ഞിലേക്ക് കൊറോണ പകരില്ല

ബീജിംഗ്:പ്രസവസമയത്ത് അമ്മയിൽനിന്ന് നവജാത ശിശുവിലേക്ക് കൊറോണ വൈറസ് പകരില്ലെന്ന് ചൈനയിലെ ഡോക്ടർമാർ. വുഹാനിലെ യൂണിയൻ ആശുപത്രിയിൽ വൈറസ് ബാധയുള്ള നാല് അമ്മമാരിൽനിന്ന് പ്രസവസമയത്ത് കുഞ്ഞുങ്ങളിലേക്ക് രോഗം ബാധിച്ചില്ലെന്നതാണ് ഇതിന് ഏറ്റവും പുതിയ തെളിവായി ഇവർ വ്യക്തമാക്കുന്നു. വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിലെ ഹുവാഷൂങ് യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ ഗവേഷകർ നടത്തിയ പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ച ഫ്രണ്ടിയേഴ്സ് ഇൻ പീഡിയാട്രിക്സ് ജേണലിലാണ് ഇക്കാര്യം പറയുന്നത്.

പിറന്നയുടനെ നവജാത ശിശുക്കളെ പ്രത്യേക വാർഡിലേക്ക് മാറ്റിയിരുന്നു. ഇതിൽ രണ്ടുപേർക്ക് നേരിയ ശ്വാസതടസ്സമുണ്ടായിരുന്നെങ്കിലും ഭേദപ്പെട്ടു. പക്ഷേ, പരിശോധനയിൽ കൊറോണ കണ്ടെത്താനായില്ലെന്ന് ജേണലിൽ പറയുന്നു. കുഞ്ഞുങ്ങളും അമ്മമാരും ഇപ്പോൾ പൂർണ ആരോഗ്യത്തിലാണ്. നേരത്തേ നടത്തിയ പനങ്ങളിലും കൊറോണ അമ്മമാരിൽ നിന്ന് കുഞ്ഞുങ്ങളിലേക്ക് രോഗം പകരില്ലെന്ന് സ്ഥിരീകരിച്ചിരുന്നു. കൊറോണ ഭീഷണിയുടെ സാഹചര്യത്തിൽ കുഞ്ഞുങ്ങളെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുന്നതാണ് സുരക്ഷിതമെന്ന് സംഘം നിർദേശിക്കുന്നു.
കൊറോണ വൈറസ് പരത്തുന്ന സാർസ്, മെർസ് രോഗങ്ങളും നവജാതശിശുക്കളിലേക്ക് പകരില്ലെന്ന് കണ്ടെത്തിയിരുന്നു. അതേസമയം, ഗർഭച്ഛിദ്രത്തിനും മരണത്തിനും മറ്റും ഈ വൈറസുകൾ കാരണമായിട്ടുണ്ട്.