കുവൈറ്റിൽ അന്യരാജ്യക്കാർക്ക് തൊഴിൽ നഷ്ടമാകും

കുവൈറ്റ് :പൊതുമേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കാൻ കുവൈറ്റ് സർക്കാർ നടപടി തുടങ്ങിയതോടെ വിദേശികൾക്ക് കൂട്ടത്തോടെ തൊഴിൽ നഷ്ടപെടുമെന്ന് സൂചന.

നഴ്സിംഗ് മേഖലയിലടക്കം പണിയെടുക്കുന്ന 25000 വിദേശികളായ സർക്കാർ ജീവനക്കാരെ ഉടൻ പിരിച്ചു വിടുമെന്നറിയുന്നു. പകരമായി കുവൈറ്റ് പൗരൻമാരെ നിയമിക്കുമെന്ന് പാർലമന്റ് മാനവ വിഭവ ശേഷി വികസന സമിതി ചെയർമാൻ ഖലീൽ അൽ സാലെഹ് അറിയിച്ചു.
നിലവിൽ 6000 കുവൈറ്റുകാരാണ് സർക്കാർ ജോലിക്കായി കാത്തിരിക്കുന്നത്. ഇവരുടെ നിയമനം ഉടനുണ്ടാകും.

രണ്ടു വർഷത്തിനിടെ അയ്യായിരത്തോളം വിദേശികളെ സർക്കാർ പിരിച്ചുവിട്ടിരുന്നു. ഈ ഒഴിവുകളിൽ ഭൂരിഭാഗവും സ്വദേശികളെയാണു നിയമിച്ചത്.
ബാങ്കിംഗ് മേഖലയിലും വിദേശികളെ പിരിച്ചു വിട്ട് 1500 സ്വദേശികളെ നിയമിക്കും.
കുവൈറ്റ് സർക്കാരിന്റെ തീരുമാനം മലയാളികളെയാണ് ഏറ്റവും പ്രതികൂലമായി ബാധിക്കുകയെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നഴ്സിംഗ് മേഖലയിലടക്കം പണിയെടുക്കുന്ന വിദേശികളിൽ ഭൂരിഭാഗം മലയാളികളാണ്. കുവൈറ്റ് സർക്കാരിന്റെ ആരോഗ്യ മന്ത്രാലയത്തിൽ ആകെയുള്ള 23000 നഴ്സുമാരിൽ ആയിരത്തിലേറെപ്പേർ മാത്രമാണ് തദ്ദേശവാസികൾ. അനദിവിദൂര ഭാവിയിൽ ഇവർക്ക് പകരമായി തദ്ദേശവാസികളെ നിയമിക്കാനാണ് സർക്കാർ നീക്കം.

സർക്കാർ സർവീസിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി 90 ശതമാനം സ്വദേശികളെ നിയമിച്ചിട്ടുണ്ട്. എന്നാൽ ആരോഗ്യ, വിദ്യഭ്യാസ മേഖലകളിൽ ഇനിയും വേണ്ടത്ര യോഗ്യരായ സ്വദേശികളില്ലെന്നതാണ് വിദേശികളെ പിരിച്ചുവിടാൻ സർക്കാരിനുള്ള തടസം.

സ്വദേശികളെ നഴ്സിംഗ് മേഖലയിലേക്ക് ആകർഷിക്കുന്നതിനു ശമ്പള വർദ്ധനവ്, തൊഴിൽ പരിശീലനം, സ്കോളർഷിപ്പ് പദ്ധതികൾ ഉടൻ നടപ്പാക്കുമെന്ന് ആരോഗ്യ മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്.

നഴ്സിംഗ് മേഖല നവീകരിക്കുന്നതിനും വിവിധ കോഴ്സുകൾ ആരംഭിക്കാനും നഴ്സിംഗ് വിദ്യാർഥികൾക്ക് പ്രോൽസാഹനം നൽകാനും പദ്ധതിയായിക്കഴിഞ്ഞു.