ന്യൂയോർക്ക്: കൊറോണ വൈറസ് ലോകമെങ്ങും പടരുമ്പോൾ ചൈന സംശയത്തിന്റെ നിഴലിൽ. ലോകത്തെ ഇത്രയധികം ഭീതിയിലാഴ്ത്തിയ ഒരു വൈറസ് ബാധ സമീപ ഭാവിയിൽ ഉണ്ടായിട്ടില്ല.
അതുകൊണ്ട് തന്നെ ലോകത്ത് എല്ലാ രംഗങ്ങളിലും ആധിപത്യം നേടാൻ ശ്രമിക്കുന്ന ചൈനയിലേക്കാണ് സംശയത്തിന്റെ മുനകൾ തിരിയുന്നത്.
വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കൊറോണ വൈറസ് ചൈനയുടെ ജൈവായുധ പരീക്ഷണത്തിലേക്ക് വിരൽ ചൂണ്ടുന്നുവെന്നാണ് ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രായേൽ സൈനിക ഇന്റലിജൻസ് മുൻ ഓഫീസറുമായ ഡാനി ഷോഹാത്തിന്റെ പ്രതികരണം. കൊറോണ വൈറസ് ആഗോളതലത്തിൽ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ഇതിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് ഡാനി പറയുന്നു. വാഷിങ്ടൺ ടൈംസ് ആണ് ഡാനിയുടെ പ്രതികരണം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ചൈനയിലെ സുപ്രധാന നഗരമായ വുഹാനിലെ അത്യാധുനിക വൈറസ് ഗവഷണ ഇൻസ്റ്റിറ്റ്യൂട്ടിനെക്കുറിച്ച് വുഹാൻ ടെലിവിഷനിൽ വർഷങ്ങൾക്ക് റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടുണ്ട്. വുഹാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി എന്നാണ് ഈ അത്യാധുനിക ഗവേഷണ സ്ഥാപനത്തിന്റെ പേര്. കൊറോണ പോലെ മാരകമായ വൈറസുകളുമായി ഇടപെടാൻ പ്രാപ്തിയുള്ള ചൈനയിലെ ഏക പ്രഖ്യാപിത സെന്ററാണ് ഈ ലബോറട്ടറി.
ജൈവായുധ ഗവേഷണങ്ങളുടേയും വികസനത്തിന്റേയും ഭാഗമായി പരീക്ഷണ നിരീക്ഷണങ്ങൾ ഈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ ചൈന നടത്തുന്നുണ്ട്. അതാണ് ചൈനയെ സംശയത്തിലാക്കുന്നത്. ജൈവായുധ പരീക്ഷണങ്ങളുടെ ഭാഗമാണോ കൊറോണ വൈറസിന്റെ വ്യാപനമെന്ന് കണ്ടെത്തണം. ഗവേഷണം പാളി വൈറസ് പുറത്തേക്ക് പടർന്നതാകാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ലെന്നാണ് ഡാനിയുടെ വിലയിരുത്തൽ.
കൊറോണ വൈറസ് വ്യാപിക്കുമ്പോൾ ഡാനിയുടെ വിമർശനം ചർച്ചയായിട്ടുണ്ട്. ചൈന ഔദ്യോഗികമായി ഇതെക്കുറിച്ച് പ്രതികരിക്കാത്തതും സംശയം വർധിപ്പിക്കുന്നു.
വുഹാനിലെ മൽസ്യ മാർക്കറ്റിലല്ല വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നും അത് ചൈന മെനഞ്ഞെടുത്ത കഥയാണെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. കൊറോണ സ്ഥിരീകരിച്ച ആദ്യ രോഗിക്ക് മാർക്കറ്റിൽ നിന്നല്ല രോഗം ബാധിച്ചതെന്ന പഠനം ബ്രിട്ടീഷ് മെഡിക്കൽ ജേണലിൽ പ്രസിദ്ധീകരിച്ചിരുന്നു.