സൂറിച്ച്: ഫിഫ നിയമങ്ങൾ ലംഘിച്ചതിന്റെ പേരിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനെ (എഐഎഫ്എഫ്) ഫിഫ സസ്പെൻഡ് ചെയ്തു. അസോസിയേഷൻ ഭരണത്തിൽ പുറത്ത് നിന്നുണ്ടായ ഇടപെടലാണ് നടപടിക്ക് കാരണം. ഇതുപ്രകാരം അണ്ടർ 17 വനിതാ ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്ടമാകും.
എഐഎഫ്എഫിന് സുപ്രീം കോടതി ഒരു താൽക്കാലിക ഭരണസമിതി വച്ചിരുന്നു. അസോസിയേഷൻ പിരിച്ചുവിട്ട് ഉടൻ തെരഞ്ഞെടുപ്പ് നടത്താനും സുപ്രീം കോടതി തീരുമാനിച്ചിരുന്നു. ഈ മാസം 28ന് തെരഞ്ഞെടുപ്പു നടത്താനാണ് സുപ്രീം കോടതി വിധി. ഇത് ഫിഫയുടെ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ചട്ടങ്ങളുടെ ഗുരുതരമായ ലംഘനമാണ് നടന്നതെന്ന് ഫിഫ പ്രസ്താവനയിൽ വ്യക്തമാക്കി.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) ദൈനംദിന കാര്യങ്ങളുടെ പൂർണ നിയന്ത്രണം വീണ്ടെടുക്കുന്നതുവരെ സസ്പെൻഷൻ നിലനിൽക്കുമെന്ന് ഫിഫ പ്രസ്താവനയിൽ പറഞ്ഞു. വിലക്ക് നീക്കുന്നത് വരെ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാനാകില്ല.
എഎഫ്സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പ്, എഎഫ്സി കപ്പ്, എഎഫ്സി ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിലും ഇന്ത്യൻ ക്ലബ്ബുകൾക്ക് പങ്കെടുക്കാനാകില്ല. ഒക്ടോബർ 11 മുതൽ 30 വരെയാണ് അണ്ടർ 17 വനിതാ ലോകകപ്പ് നടക്കാനിരുന്നത്.