സെന്റ് കിറ്റ്സ്: ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം. ഇന്ത്യ ഉയർത്തിയ 139 റൺസ് വിജയലക്ഷ്യം വിൻഡീസ് നാല് പന്തുകൾ ബാക്കി നിൽക്കെ മറികടന്നു. ആറു വിക്കറ്റുകളുമായി ഇന്ത്യൻ ബാറ്റിംഗിന്റെ നടുവൊടിച്ച ഒബെദ് മക്കോയിയാണ് കളിയിലെ താരം. ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ വിൻഡീസ് 1-1ന് ഒപ്പമെത്തി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങേണ്ടി വന്ന ഇന്ത്യ വൻ തകർച്ചയാണ് നേരിട്ടത്. ആറു വിക്കറ്റുകളുമായി മക്കോയ് തീപ്പൊരിയായതോടെ ഇന്ത്യ 19.4 ഓവറിൽ 138 റൺസിൽ ഓൾഔട്ടായി. നാല് ഓവറുകളിൽ വെറും 17 റൺസ് മാത്രമാണ് മക്കോയി വിട്ടുകൊടുത്തത്. 31 പന്തിൽ 31 റൺസെടുത്ത ഹർദിക് പാണ്ഡ്യയാണ് ടോപ് സ്കോറർ. രവീന്ദ്ര ജഡേജ (30 പന്തിൽ 27), റിഷഭ് പന്ത് (12 പന്തിൽ 24) എന്നിവരാണ് മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.
മറുപടി ബാറ്റിംഗിൽ ഓപ്പണർ ബ്രണ്ടൻ കിംഗ് ഒരറ്റത്ത് തകർത്തടിച്ചതോടെ വിൻഡീസ് വിജയത്തിലേക്ക് കുതിച്ചു. 52 പന്തിൽ 68 റൺസെടുത്ത് കിംഗ് പുറത്തായി. മത്സരം അവസാന ഘട്ടത്തിലെത്തിയപ്പോൾ ഇന്ത്യ ഒന്ന് പിടിമുറുക്കിയെന്ന് തോന്നിപ്പിച്ചെങ്കിലും വിൻഡീസ് വിജയം വിട്ടുകൊടുത്തില്ല. 19 പന്തിൽ 31 റൺസെടുത്ത ഡെവോൺ തോമസിന്റെ ഇന്നിംഗ്സും വിൻഡീസ് വിജയത്തിൽ നിർണായകമായി. ട്വന്റി-20 പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ന് സെന്റ് കിറ്റ്സിൽ തന്നെ നടക്കും