വാഷിംഗ്ടൺ: കൊറോണ വൈറസ് ഭീഷണിയെത്തുടർന്നായ ഗുരുതര സാമ്പത്തിക തകർച്ച മറികടക്കാൻ അമേരിക്ക ചരിത്രത്തിലെ ഏറ്റവും വിപുലമായ പാക്കേജ് പ്രഖ്യാപിച്ചു. രണ്ട് ട്രില്യൺ ടോളറിന്റെ ഉത്തേജക പാക്കേജിൽ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് ഒപ്പുവച്ചു.
സെനറ്റിലെ രണ്ടു ദിവസത്തെ ചർച്ചകൾക്കു ശേഷം ശബ്ദവോട്ടോടെയാണ് ബില്ല് പാസായത്. മൂന്നു മണിക്കൂർ നീണ്ട ചർച്ചകൾക്കു ശേഷമാണ് ഡെമോക്രറ്റുകളും റിപ്പബ്ലിക്കൻസും പാക്കേജിന് അംഗീകാരം നൽകിയത്. അമേരിക്ക കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഹാമാരി മൂലം ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക അടിയന്തരാവസ്ഥ അഭിമുഖീകരിക്കുകയാണെന്ന് സ്പീക്കർ നാൻസി പലോസി പറഞ്ഞു.
നേരത്തേ പ്രഖ്യാപിച്ച മറ്റേതു ഉത്തേജക പാക്കേജുകളേക്കാൾ ഇരട്ടിയിലധികം ബൃഹത്താണിതെന്ന് ട്രംപ് വ്യക്തമാക്കി. രാജ്യത്തെ കുടുംബങ്ങൾക്കും തൊഴിലാളികൾക്കും ബിസിനസുകൾക്കും പാക്കേജ് അടിയന്തര ആശ്വാസം നൽകുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. ആവശ്യമായ വെന്റിലേറ്ററുകൾ നിർമിക്കാൻ ജനറൽ മോട്ടോഴ്സിന് (ജിഎം) നിർദേശം നൽകുമെന്ന് അദ്ദേഹം പറഞ്ഞു.
കൊറോണ വ്യാപനം തടയാൻ ലോക്ഡൗൺ പ്രഖ്യാതപിച്ചതോടെ അമേരിക്കയിലെ തൊഴിലില്ലായ്മ 3.3 ദശലക്ഷമായി കുതിച്ചുയർന്നിരുന്നു.
വാർഷിക വരുമാനം 75,000 ഡോളറിൽ താഴെയുള്ള ഓരോ അമേരിക്കക്കാരനും 1,200 ഡോളറും ഓരോ കുട്ടിയുടെ മാതാപിതാക്കൾക്കും 500 ഡോളറും പാക്കേജിന്റെ ഭാഗമായി ലഭിക്കും. സംസ്ഥാന സർക്കാരുകൾക്ക് നേരിട്ട് പണം നൽകുകയും തൊഴിലില്ലായ്മ ആനുകൂല്യം നൽകുന്ന പദ്ധതികൾക്ക് ആക്കം കൂട്ടുകയും ചെയ്യും. ബിസിനസ് നഷ്ടപ്പെടുന്ന കമ്പനികൾക്ക് വായ്പയും നികുതിയിളവും ബിൽ വാഗ്ദാനം ചെയ്യുന്നു. പ്രതിരോധം, ശാസ്ത്രഗവേഷണം തുടങ്ങിയവയ്ക്കായി യുഎസ് സർക്കാർ ചെലവഴിക്കുന്നതിനേക്കാൾ കൂടുതൽ തുകയാണ് ഉത്തേജക പാക്കേജിനായി ഇപ്പോൾ നീക്കിവച്ചിരിക്കുന്നത്.