പൊച്ചഫ്ട്രൂം: യുവലോകകപ്പിൽ ആദ്യമായി വിജയം നേടി ബംഗ്ലാദേശ്. ഇന്ത്യയെ മൂന്നു വിക്കറ്റിന് തോൽപ്പിച്ചാണ് ബംഗ്ലാദേശ് അണ്ടർ-19 ലോകകപ്പ് കിരീടം ഉറപ്പിച്ചത്. ഐ.സി.സി ടൂർണമെന്റിൽ ആദ്യമായാണ് ബംഗ്ലാദേശ് ചാമ്പ്യരാകുന്നത്. 41-ാം ഓവർ പിന്നാലെ മഴ പെയ്തതോടെ വിജയലക്ഷ്യം 46 ഓവറിൽ 170 റൺസായി പുനർ നിശ്ചയിച്ചിരുന്നു.ഈ ലക്ഷ്യം 23 പന്ത് ശേഷിക്കെ ഏഴു വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് മറികടന്നു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യൻ കുട്ടികൾ 47.2 ഓവറിൽ 177 റൺസിന് പുറത്താവുകയായിരുന്നു. ഓപ്പണർ യശസ്വി ജയ്സ്വാളിന്റെ (88) അർധ സെഞ്ചുറിയുടെ ബലത്തിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിലെത്തിയത്. ബാക്കിയാർക്കും കാര്യമായ സംഭാവനകൾ നൽകാൻ കഴിഞ്ഞില്ല.
121 പന്തിൽ എട്ടു ഫോറും ഒരു സിക്സറും ഉൾപ്പെടുന്നതായിരുന്നു യശസ്വിയുടെ ഇന്നിംഗ്സ്. യശസ്വിയെ കൂടാതെ തിലക് വർമ (38) ദ്രുവ് ജുറൽ (22) എന്നിവർ മാത്രമാണ് ഭേദപ്പെട്ട ബാറ്റിംഗ് കാഴ്ചവച്ചത്. ഒരു വിക്കറ്റിന് 103 റൺസ് എന്ന നിലയിൽനിന്നുമാണ് ഇന്ത്യ തകർന്ന് തരിപ്പണമായത്.