എഎപി വിമര്‍ശിച്ചതിന് പിന്നാലെ കണക്കുകള്‍ പുറത്തുവന്നു; ഡല്‍ഹിയില്‍ 62.59 ശതമാനം പോളിങ്

ന്യൂഡൽഹി: ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 62.59 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി ഔദ്യോഗിക വെളിപ്പെടുത്തൽ. വോട്ടെടുപ്പ് പൂർത്തിയായി ഒരു ദിവസം പിന്നിട്ടിട്ടും പോളിങ് ശതമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാത്തതിനെ വിവിധ രാഷ്ട്രീയ പാർട്ടികൾ ആരോപണം ഉന്നയിച്ചിരുന്നു. പോളിംഗ് ശതമാനം പ്രഖ്യാപിക്കാത്തതിൽ ദുരൂഹതയുണ്ടെന്ന ആം ആദ്മി പാർട്ടിയുടെ ആരോപണം തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി.

റിട്ടേണിംഗ് ഓഫീസർമാർ തിരക്കിലായിരുന്നെന്നും ഡാറ്റ മുഴുവൻ ശേഖരിച്ചത് രാത്രിയിലാണെന്നും അതാണ് പ്രഖ്യാപനം വൈകിച്ചതെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രൺബീർ സിംഗ് അറിയിച്ചു. ഇത് ഒരു പ്രക്രിയയാണ്, അത് അന്തിമമായപ്പോൾ നിങ്ങളുമായി പങ്കുവെച്ചു.’ – പറഞ്ഞുഅന്തിമ കണക്ക് പുറത്ത് വന്നത് ‘നല്ല സമയ’ത്താണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പോളിംഗ് ശതമാനം പ്രഖ്യാപിക്കുന്നതിലെ കാലതാമസത്തെ മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ ചോദ്യം ചെയ്തിരുന്നു. ‘തികച്ചും ഞെട്ടിപ്പിക്കുന്നതാണ്. തിരഞ്ഞെടുപ്പ് കമ്മിഷൻ എന്താണ് ചെയ്യുന്നത്? പോളിംഗ് കഴിഞ്ഞ് മണിക്കൂറുകൾക്ക് ശേഷം അവർ എന്തുകൊണ്ടാണ് വോട്ടെടുപ്പ് കണക്കുകൾ പുറത്തുവിടാത്തത്?’ എന്നാണ് കേജരിവാൾ ട്വീറ്റ് ചെയ്തത്.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ അനാവശ്യ ഇടപെടൽ നടത്താൻ ശ്രമിച്ചതായി ആരോപിച്ച ആം ആദ്മി പാർട്ടി ഇതിന് തെളിവായി രണ്ടുവീഡിയോകളും ട്വീറ്റ് ചെയ്തിരുന്നു.
ബാബർപൂരിലെ ഒരു പോളിംഗ് സ്റ്റേഷനിൽ ക്രമക്കേട് നടന്നെന്ന് ആം ആദ്മി ആരോപിച്ചിരുന്നു. എന്നാൽ ഇത് റിസർവ് മെഷീനുകളാണെന്നും അവ പോളിംങ്ങിന് ഉപയോഗിച്ചിട്ടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
വോട്ടെടുപ്പ് ദിവസം ആദ്യമണിക്കൂറുകളിൽ വളരെ കുറഞ്ഞ പോളിംഗായിരുന്നു രേഖപ്പെടുത്തിയിരുന്നത്. വൈകുന്നേരം ആറുമണിയോടെ 57.06 ശതമാനം പോളിങ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയിരുന്നു. ചില ബൂ്ത്തുകളിൽ പോളിങ് തുടരുന്നതിനാൽ ഇത് അന്തിമമല്ലെന്നും കമ്മിഷൻ അറിയിച്ചിരുന്നു.എന്നാൽ ഇതിനു ശേഷം എത്ര ശതമാനം പോളിംഗ് രേഖപ്പെടുത്തി എന്ന കാര്യത്തിൽ കമ്മീഷൻ വിശദീകരണം നൽകിയില്ല. തുടർന്നാണ് പലരും ആക്ഷേപങ്ങൾ ഉന്നയിച്ചത്.