പത്തനംതിട്ട: അടൂരിൽ സിപിഎം-സിപിഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ഇന്ന് രാവിലെ അടൂർ ടൗണിലാണ് സംഘർഷമുണ്ടായത്. എഐടിയുസിയിൽ ചേർന്നു പ്രവർത്തിക്കാൻ രണ്ടു സിഐടിയു പ്രവർത്തകർ തീരുമാനിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസ് സ്ഥലത്തെത്തി ഇരു വിഭാഗത്തെയും നിയന്ത്രിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസമാണ് രണ്ടു സിഐടിയു പ്രവർത്തകർ എഐടിയുസിയിൽ ചേർന്നത്. പിന്നാലെ ഇവർ ജോലിക്ക് എത്തിയപ്പോൾ സിഐടിയു പ്രവർത്തകർ തടഞ്ഞു. ഇരുവരെയും ജോലി ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സിഐടിയു. എന്നാൽ നേതൃത്വം ഇടപെട്ടതോടെ തർക്കം അവസാനിപ്പിച്ചു പിരിഞ്ഞു.
ഇന്ന് വീണ്ടും ഇരുവരും ജോലിക്ക് എത്തിയപ്പോൾ സിഐടിയു പ്രവർത്തകർ തടഞ്ഞതോടെയാണ് വീണ്ടും പ്രകോപനമുണ്ടായത്. ഇതോടെ ഇരുവിഭാഗം പാർട്ടി പ്രവർത്തകരും ടൗണിൽ തമ്പടിക്കുകയായിരുന്നു.