പോപുലർ ഫിനാൻസ്​ തട്ടിപ്പ്​; പ്രതികളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും

ആലപ്പുഴ: പോപുലർ ഫിനാൻസ്​ തട്ടിപ്പ്​ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഈമാസം അഞ്ചിന്​ പരിഗണിക്കും. തട്ടിപ്പുമായി ബന്ധപ്പെട്ട്​ പാലക്കാട്​, തൃശൂർ ജില്ലകളിലെ കേസ്​ പരിഗണിക്കുന്നതിനിടെ കസ്​റ്റഡി കാലാവധി കഴിയുന്നതിനാൽ മുഴുവൻ പ്രതികൾക്കും ജാമ്യം നൽകണമെന്ന അപേക്ഷയാണ്​ ആലപ്പുഴ അഡീഷനൽ ജില്ലകോടതി (മൂന്ന്​) ജഡ്​ജി പി.എൻ. സീത​​ അഞ്ചിലേക്ക്​ മാറ്റിയത്​.

അറസ്​റ്റിലായി 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നൽകാത്ത സാഹചര്യത്തിൽ പ്രതികൾ ജാമ്യത്തിന്​ ഹൈകോടതിയെ സമീപിച്ചപ്പോൾ ​കീഴ്കോടതിയിൽ അപേക്ഷ നൽകാനാണ്​ നിർദേശിച്ചത്​. തട്ടിപ്പ്​ കേസിൽ പോപുലർ ഫിനാൻസ്​ ഉടമ റോയ്​ ഡാനിയേൽ, ഭാര്യ പ്രഭ ഡാനിയേൽ, മക്കളായ റിനു മറിയം തോമസ്​, റീബ മറിയം തോമസ്, ഡോ. റിയ ആൻ തോമസ്​ എന്നിവരാണ്​ റിമാൻഡിലുള്ളത്​​.