കോയമ്പത്തൂർ: അവിനാശിയിൽ 19 പേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് കാരണം കണ്ടെയ്നർ ലോറി ഡ്രൈവർ ഉറങ്ങിയതാണെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. തമിഴ്നാട്-കേരള പോലീസ് സംയുക്തമായി ഡ്രൈവറിൽ നിന്നും മൊഴിയെടുത്തു. കണ്ടെയ്നറിന്റെ ഡ്രൈവറായ ഹേമരാജ് അപകടത്തിന് പിന്നാലെ പോലീസിൽ കീഴടങ്ങിയിരുന്നു.
തമിഴ്നാട് പോലീസ് ലോറി ഡ്രൈവറുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. മനപൂർവമല്ലാത്ത നരഹത്യയ്ക്കാകും ഇയാൾക്കെതിരേ കേസെടുക്കുക.
നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി ദേശീയപാതയുടെ മീഡിയനിലൂടെ 50 മീറ്റർ പാഞ്ഞ് എതിർ ദിശയിൽ ഓടിയ ബസിലിടിക്കുകയായിരുന്നുവെന്ന് മോട്ടോർ വാഹനവകുപ്പിന്റെ പ്രാഥമിക പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. മീഡിയനിൽ കയറിയ കണ്ടെയ്നറിന്റെ ടയർ പൊട്ടി ചെരിഞ്ഞ് ബസിന്റെ വലത് വശത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. കണ്ടെയ്നറിൽ അമിത ലോഡുണ്ടായിരുന്നുവെന്നാണ് സൂചന. മരണസംഖ്യ കൂടാൻ ഇതുകാരണമായി.