ബെയ്ജിങ്: കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നവരുടെ സംഖ്യ ദിവസേന കൂടുന്നത് സർക്കാരിനെ വലയ്ക്കുന്നു. വരും ദിവസങ്ങളിൽ ഇതിൽ വ്യത്യാസം വരുമെന്നതാണ് ഏക പ്രതീക്ഷ.
ചൈനയിൽ കൊറോണ വൈറസ് ബാധിച്ച് മരിച്ചവർ ഇതുവരെ 1368 ആയി. കഴിഞ്ഞ ദിവസം മാത്രം 242 പേരാണ് മരിച്ചത്. നൊവൽ കൊറോണ വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ നിന്നുള്ളവരാണ് ഇതിൽ അധികവും. നിലവിൽ 60,286 പേർക്കാണ് ചൈനയിൽ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
ഈ മാസം അവസാനം ഏറ്റവും കൂടിയ നിലയിലെത്തി വൈറസ് ബാധ സാവകാശം കുറയുമെന്നാണ് ചൈനയിലെ വൈറോളജിസ്റ്റുകൾ പറയുന്നത്. എന്നാൽ പ്രതിരോധ വാക്സിൻ കണ്ടെത്താൻ 18 മാസമെങ്കിലും വേണ്ടിവരുമെന്ന് ലോകാരോഗ്യസംഘടന പറയുന്നു. ലോകത്തെമ്പാടുമായി വിവിധ ലാബുകളിൽ നിരന്തരഗവേഷണങ്ങളാണ് നടക്കുന്നത്.ചൈനയ്ക്കു പുറമേ യു.കെ, യു.എസ്, ഓസ്ട്രേലിയ, എന്നിവിടങ്ങളിലാണ് പ്രധാനമായും ഗവേഷണങ്ങൾ നടക്കുന്നത്. വിവിധ രാജ്യങ്ങളിൽ പല പേരുകളിൽ അറിയപ്പെടുന്നതിനാൽ ആശയക്കുഴപ്പം ഒഴിവാക്കാൻ ലോകാരോഗ്യസംഘടന കൊറോണവൈറസിന് കോവിഡ്-19എന്ന പ്രത്യേക പേര് നൽകിയിരുന്നു.
ചൈന കഴിഞ്ഞാൽ വൈറസ് ബാധ സിംഗപ്പുരിലും ഹോങ്കോങിലുമാണ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്.