അസമിൽ സർക്കാർ മതപാഠശാലകൾ നിർത്തലാക്കി

ഗോഹാട്ടി: സർക്കാർ ചെലവിൽ ഇനി മതപഠനം നടത്തേണ്ടതില്ലെന്ന് അസം സർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി സർക്കാർ നടത്തുന്ന മദ്രസകളും സംസ്കൃത പാഠശാലകളും അടച്ച് പൂട്ടി ആറു മാസത്തിനുള്ളിൽ ഇവ സാധാരണ സ്കൂളുകളാക്കാൻ പദ്ധതി തയാറാക്കി കഴിഞ്ഞു.
മതം, വേദങ്ങൾ, അറബി ഭാഷകൾ എന്നിവ കുട്ടികളെ പഠിപ്പിക്കുന്നത് ഒരു മതേതര സർക്കാരിന്റെ ജോലിയല്ലെന്ന് അസം വിദ്യാഭ്യാസ മന്ത്രി ഹിമന്ത ബിസ്വ ശർമ അഭിപ്രായപ്പെട്ടു.
സ്വകാര്യ മദ്രസകൾ തുടരുമെങ്കിലും അവയ്ക്ക് നിയന്ത്രണമേർപ്പെടുത്തും. മതപഠനത്തിനൊപ്പം പൊതുവിദ്യാഭ്യാസവും ഇവിടങ്ങളിൽ നിർബന്ധമാക്കും.
അസമിലെ ബിജെപി സർക്കാർ തന്നെയാണ് 2017-ൽ മദ്രസ, സംസ്കൃത സ്കൂൾ ബോർഡുകൾ പിരിച്ചുവിട്ട് സെക്കൻഡറി ബോർഡ് ഓഫ് എജ്യുക്കേഷനിൽ ലയിപ്പിച്ചത്. എന്നാലിപ്പോൾ അവയും അടച്ചുപൂട്ടാൻ തീരുമാനിച്ചിരിക്കുകയാണ്. എന്നാൽ സാമൂഹ്യ സംഘടനകളും എൻജിഒകളും നടത്തുന്ന മദ്രസകൾ നിയന്ത്രണങ്ങളോടെ തുടരുമെന്നും അസം വിദ്യാഭ്യാസ മന്ത്രി അറിയിച്ചു.
സർക്കാർ ഒരു മതേതര സ്ഥാപനമായതിനാൽ, മതപരമായ അധ്യാപനത്തിൽ ഏർപ്പെടുന്ന സംഘടനകൾക്ക് ധനസഹായം നൽകാൻ കഴിയില്ല. മാതാപിതാക്കൾ എടുക്കുന്ന തീരുമാനങ്ങൾ കാരണം കുട്ടികൾക്ക് ശരിയായ വിദ്യാഭ്യാസം നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയാണ് ഇപ്പോഴത്തെ നീക്കമെന്നും അദ്ദേഹം വ്യക്തമാക്കി.
‘മതപഠനശാലകളിലേക്ക് പോകുന്ന വിദ്യാർത്ഥികൾ 14 വയസ്സിന് താഴെയുള്ളവരായതിനാൽ, അവരെ എവിടെയാണ് പ്രവേശിപ്പിക്കേണ്ടതെന്ന് പലപ്പോഴും തീരുമാനിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. മതപഠനത്തിലെ അമിതഭാരം കാരണം ഒരു വിദ്യാർത്ഥിക്കും പൊതുവിദ്യാഭ്യാസം നഷ്ടപ്പെടാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് ഹിമന്ത ബിസ്വ ശർമ പറഞ്ഞു.