ന്യൂഡെൽഹി: ക്രിമിനൽ കേസുള്ള വ്യക്തികളെ തെരഞ്ഞെടുപ്പിൽ മൽസരിപ്പിക്കുന്ന രാഷ്ട്രീയ പാർട്ടികൾ അതിന്റെ വിശദീകരണം നൽകണമെന്ന്
സുപ്രീം കോടതി.
ലോക്സഭാ-നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പേരിൽ ക്രിമിനൽ കേസുണ്ടെങ്കിൽ അതിന്റെ വിവരങ്ങൾ, എന്തു കൊണ്ടാണ് അവരെ മത്സരിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങളാണ് പൊതുജനങ്ങളെ അറിയിക്കേണ്ടത്. രാഷ്ട്രീയപാർട്ടികളുടെ വെബ്സൈറ്റിലും പ്രാദേശിക പത്രങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും ഇത്തരം വിശദീകരണങ്ങൾ നിർബന്ധമായും നൽകണമെന്നാണ് സുപ്രീംകോടതി ആവശ്യപ്പെട്ടിരിക്കുന്നത്. സ്ഥാനാർഥിയെ പ്രഖ്യാപിച്ച് 48 മണിക്കൂറിനകം ഇക്കാര്യങ്ങൾ പ്രസിദ്ധീകരിക്കണം.
72 മണിക്കൂറിനകം തിരഞ്ഞെടുപ്പ് കമ്മീഷനും വിവരങ്ങൾ നൽകണം.
സ്ഥാനാർഥികളെ തിരഞ്ഞെടുക്കേണ്ടത് യോഗ്യതകളുടെ അടിസ്ഥാനത്തിലായിരിക്കണം, ക്രിമിനൽ സ്വഭാവമുള്ളയാളെ വിജയസാധ്യതയുടെ അടിസ്ഥാനത്തിൽ സ്ഥാനാർഥിയായി പരിഗണിക്കാനാവില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
രാഷ്ട്രീയപാർട്ടികൾ വിശദീകരണങ്ങൾ പ്രസിദ്ധീകരിക്കുന്നതിൽ പരാജയപ്പെടുകയോ തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദേശങ്ങൾ നടപ്പിലാക്കാതിരിക്കുകയോ ചെയ്താൽ അത് കോടതിയലക്ഷ്യമായി പരിഗണിക്കുമെന്നും കോടതി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here