ബെയ്ജിംഗ്: കൊറോണ വൈറസ് രോഗബാധിച്ച് മരിച്ചവരുടെ എണ്ണം 820 കടന്നു. ചൈനയിൽ മാത്രം എണ്ണൂറിലേറെയാണ് മരണസംഖ്യ.
രണ്ടു ദശകത്തിനിടെ ഭീതി വിതച്ച കൊറോണ മരണസംഖ്യയുടെ കാര്യത്തിൽ, 2002 ൽ ചൈനയിൽ പൊട്ടിപ്പുറപ്പെട്ട സാർസിനെക്കാൾ ഭീകരനാണ്. സാർസ് ബാധിച്ച് 744 പേരാണ് മരിച്ചത്. ചൈനയിൽ ഇനിയും കൊറോണ മരണം ഉണ്ടാകാനിടയുണ്ടെന്നാണ് സൂചന. ഈ മാസം അവസാനം രോഗം ഭീഷണിയായി തുടരുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ചൈനയിലെ ഹുബെയ് പ്രവിശ്യയിൽ ഇന്നലെ മാത്രം 91 കൊറോണ മരണം റിപ്പോർട്ടു ചെയ്തിട്ടുണ്ട്. പ്രവിശ്യയുടെ തലസ്ഥാനമാണ് കൊറോണ വൈറ്റസിന്റെ പ്രഭവസ്ഥാനമായ വുഹാൻ.
ചൈനയിലെ 31 പ്രവിശ്യകളിലേക്കും രോഗം പടർന്നു. ദേശീയ ആരോഗ്യ കമ്മീഷൻ റിപ്പോർട്ടു പ്രകാരം ഇതുവരെ 37287 പേർക്കാണു രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇന്നലെ മാത്രം 2656 പുതിയ കേസുകൾ റിപ്പോർട്ടു ചെയ്തു. ഇതേസമയം വുഹാൻ ഒഴിച്ചുള്ള പ്രദേശങ്ങളിലെ രോഗബാധ കുറഞ്ഞുവരികയാണെന്നു കമ്മീഷൻ പറയുന്നു.
ചൈനയ്ക്കു പുറത്തു രണ്ടു മരണങ്ങളേ ഇതിനകം റിപ്പോർട്ടു ചെയ്തിട്ടുള്ളു. ഫിലിപ്പീൻസിലും ഹോങ്കോംഗിലും ഓരോ മരണം. ശനിയാഴ്ച ഒരു അമേരിക്കൻ വനിതയും ജപ്പാൻകാരനും കൊറോണ ബാധിച്ച് ചൈനയിൽ മരിച്ചു.
ചൈനയിലേക്ക് അന്തർദേശീയ ദൗത്യ സംഘത്തെ അയയ്ക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. സംഘത്തിന്റെ നേതാവ് അടുത്തയാഴ്ച തന്നെ യാത്ര തിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ടെഡ്രോസ് അഡ്ഹനോം അറിയിച്ചു.
രോഗബാധിതരിൽ രണ്ടു ശതമാനത്തിനു മാത്രമേ അതു മാരകമാവുന്നുള്ളുവെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.
ഹോങ്കോംഗ് തുറമുഖത്ത് നങ്കൂരമിട്ടിരിക്കുന്ന വേൾഡ് ഡ്രീം കപ്പലിലെ യാത്രക്കാർക്ക് രോഗം ബാധിച്ചിട്ടില്ലെന്നു പരിശോധനയിൽ തെളിഞ്ഞു. അഞ്ചുദിവസമായി 3600 യാത്രികർ പുറത്തിറങ്ങാതെ കപ്പലിനുള്ളിൽ കഴിയുകയായിരുന്നു. കൊറോണ വൈറസ് ബാധിച്ചിട്ടില്ലെന്നു തെളിഞ്ഞ സ്ഥിതിക്ക് മുഴുവൻ യാത്രക്കാരുടെയും ക്വാറന്റൈൻ അവസാനിപ്പിച്ചു. യാത്രക്കാർക്ക് നിർബാധം പുറത്തിറങ്ങി സഞ്ചരിക്കാം.
എന്നാൽ ജപ്പാനിലെ യോക്കോഹമ തുറമുഖത്തു നങ്കൂരമിട്ടിരിക്കുന്ന ഡയമൻഡ് പ്രിൻസസ് എന്ന ആഡംബരക്കപ്പലിലെ 64 യാത്രക്കാർക്ക് ഇതിനം രോഗം സ്ഥിരീകരിച്ചു.3700 പേരാണു കപ്പലിലുള്ളത്.