എ​യ​ർ ഇ​ന്ത്യ വിൽക്കാൻ കേന്ദ്രം നടപടി തുടങ്ങി

ന്യൂഡെല്‍​ഹി: പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുള്ള എ​യ​ര്‍ ഇ​ന്ത്യ​യും വിൽക്കാൻ കേന്ദ്ര സർക്കാർ.
പൊതുമേഖലാ സ്ഥാപനങ്ങൾ കൂട്ടത്തോടെ സ്വകാര്യവൽക്കരിക്കുന്നതിനിടെയാണ് എയർ ഇന്ത്യയും വിൽക്കാൻ നീക്കം. ആരും വാങ്ങാനെത്തിയിലെങ്കിൽ എയർ ഇന്ത്യ അടച്ചുപൂട്ടാനാണ് സർക്കാർ തീരുമാനം.

100 ശ​ത​മാ​നം ഓ​ഹ​രി​ക​ളും വി​റ്റ​ഴി​ക്കാ​നൊ​രു​ങ്ങി എ​യ​ര്‍ ഇ​ന്ത്യ താ​ൽ​പ​ര്യ​പ​ത്രം ക്ഷ​ണി​ച്ചു. മാ​ര്‍​ച്ച് 17 ആ​ണ് താ​ൽ​പ​ര്യ​പ​ത്രം സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി. 

നിലവിൽ പ്രതിദിനം 26 കോടിയാണ് എയർ ഇന്ത്യയുടെ നഷ്ടം.
രണ്ടു വർഷം മുമ്പ് ​ഓ​ഹ​രി​ക​ൾ വി​റ്റ​ഴി​ക്കാ​ൻ കേ​ന്ദ്രം ശ്ര​മിച്ചിരുന്നു. 76 ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​ണ് അന്ന് വി​ൽ​പ്പ​ന​യ്ക്കാ​യി വ​ച്ച​ത്. ആ​രും താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് 100 ശ​ത​മാ​നം ഓ​ഹ​രി​ക​ളും വി​റ്റ​ഴി​ക്കാ​നു​ള്ള തീ​രു​മാ​നം.രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ വിമാന കമ്പനിയായ ഇൻഡിഗോ നേരത്തേ താൽപര്യം പ്രകടിപ്പിച്ചെങ്കിലും ധാരണയിലെത്താൻ കഴിഞ്ഞിരുന്നില്ല. അബുദാബി ആസ്ഥാനമായ ഇത്തിഹാദും എയർ ഇന്ത്യ ഏറ്റെടുക്കാൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും വിദേശ കമ്പനിയാണെന്നതിനാൽ ഇടപാട് നടന്നില്ല.

ക​മ്പ​നി​ക്ക് നിലവിൽ 23000 കോ​ടിയുടെ കടമുണ്ട്. ക​ട​വും ബാ​ധ്യ​ത​ക​ളും പൂ​ര്‍​ണ​മാ​യും ഓ​ഹ​രി വാങ്ങു​ന്ന​വ​ര്‍ ഏ​റ്റെ​ടു​ക്ക​ണം. വി​ദേ​ശ​ക​മ്പ​നി​ക​ള്‍​ക്ക് പൂ​ര്‍​ണ​ ഓ​ഹ​രി​ക​ള്‍ വാ​ങ്ങു​ന്ന​തി​ന് നി​യ​ന്ത്ര​ണ​മു​ണ്ട്. വി​ദേ​ശ ക​മ്പ​നി​ക​ള്‍​ക്ക് ഇ​ന്ത്യ​ന്‍ പ​ങ്കാ​ളി​യു​മാ​യി ചേ​ര്‍​ന്ന് മാ​ത്ര​മേ എ​യ​ര്‍ ഇ​ന്ത്യ​യെ വാ​ങ്ങാ​ന്‍ സാ​ധി​ക്കു. നി​ല​വി​ൽ എ​യ​ർ ഇ​ന്ത്യ​യു​ടെ 100 ശ​ത​മാ​നം ഓ​ഹ​രി​ക​ളും കേന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലാ​ണ്.