ശ്രീനഗർ: ജമ്മുകാഷ്മീരിൽ വീണ്ടും ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. അവന്തിപ്പോറ മേഖലയിലും തെക്കൻ കാഷ്മീരിലെ ത്രാലിലുമാണ് ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്.
കഴിഞ്ഞ ദിവസങ്ങളിലും അവന്തിപ്പോറയിൽ ഏറ്റുമുട്ടലുണ്ടായിരുന്നു.ഭീകരരുടെ സംഘം മേഖലയിൽ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യം തെരച്ചിൽ നടത്തുന്നതിനിടെ ഭീകരർ വെടിയുതിർക്കുകയായിരുന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചു. സൈന്യത്തിൻ്റെ ഹിറ്റ് ലിസ്റ്റിലുള്ള ജെയ്ഷെ കമാന്‍ഡര്‍ ഖാസി യാസിറുള്‍പ്പെടുന്ന ഭീകര സംഘത്തെയാണ് സുരക്ഷാസേന നേരിട്ടത്.
പാകിസ്താന് സ്വദേശിയാണ് ഖാസി യാസിര്‍. കശ്മീരിലെ നാടോടികളായ ഗുജ്ജര്‍ സമുദായത്തിലുള്‍പ്പെട്ട രണ്ടുപേരെ കൊലപ്പെടുത്തിയതിന് പിന്നില്‍ ഖാസി യാസിറാണ്. കഴിഞ്ഞ ഓഗസ്റ്റില്‍ പുല്‍വാമയില്‍ വെച്ചായിരുന്നു സംഭവം നടന്നത്.
രാവിലെ, തെക്കൻ കാഷ്മീരിലെ ത്രാൽ മേഖലയിൽ ഭീകരരുമായി നടന്ന ഏറ്റുമുട്ടലിൽ സൈനികന് പരിക്കേറ്റിരുന്നു. മേഖലയിൽ ഭീകരരുടെ സാന്നിധ്യം മനസിലാക്കിയാണ് സൈന്യവും ജമ്മു കാഷ്മീർ പോലീസും സ്ഥലത്തെത്തിയത്. തുടർന്നാണ് ഏറ്റുമുട്ടലുണ്ടായത്.