പത്തനംതിട്ട: മലയാലപ്പുഴയില്‍ മന്ത്രവാദം നടത്തിയിരുന്ന സ്ത്രീയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൊതീപ്പാടുള്ള വാസന്തി അമ്മ മഠം നടത്തിപ്പുകാരി ശോഭനയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് നാട്ടുകാരും യുവജനസംഘടനകളും വീട് ഉപരോധിച്ചതിനെത്തുടര്‍ന്നാണ് ശോഭനയെയും ഭര്‍ത്താവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ആറ് വര്‍ഷത്തോളമായി ഇവിടെ മന്ത്രവാദകര്‍മ്മങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള പുരോഗതി, സാമ്പത്തിക ഐശ്വര്യം, രോഗചികിത്സ എന്നിവയ്ക്കായി ഇവിടെ ധാരാളം പേര്‍ എത്താറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മന്ത്രവാദത്തിനിടെ കുട്ടി ബോധരഹിതനായി വീഴുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. ഇന്ന് രാവിലെയാണ് വീടിന് മുന്നില്‍ വിവിധ പാര്‍ട്ടികളുടെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ പ്രതിഷേധം ആരംഭിച്ചത്.
അതേസമയം ശോഭനയും ഭര്‍ത്താവും താമസിച്ചിരുന്ന വീടിന്റെ ചില ഭാഗങ്ങള്‍ യുവജനസംഘടനകള്‍ അടിച്ചുതകര്‍ത്തു.