കാക്കനാട്: സിറോ മലബാര്‍ സഭയ്ക്ക് മൂന്ന് പുതിയ സഹായമെത്രാന്മാര്‍ കൂടി നിയമിതരായി. ഷംഷാബാദ് രൂപതയുടെ സഹായ മെത്രാന്മാരായി മോണ്‍. തോമസ് പാടിയത്തിനെയും മോണ്‍. ജോസഫ് കൊല്ലംപറമ്പിലിനെയും മാനന്തവാടി രൂപതയുടെ സഹായമെത്രാനായി മോണ്‍. അലക്‌സ് താരാമംഗലത്തിനെയുമാണ് മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിയമിച്ചത്. ഷംഷാബാദ് രൂപതയുടെ സഹായമെത്രാന്മാരായി നിയുക്തരായിരിക്കുന്ന ഫാ. തോമസ് പാടിയത്ത്, ഫാ. ജോസഫ് കൊല്ലംപറമ്പില്‍, എന്നിവരെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും ഷംഷാബാദ് രൂപതാധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടിലും ചേര്‍ന്ന് സ്ഥാനചിഹ്നങ്ങള്‍ അണിയിച്ചു.
നിയുക്ത മെത്രാന്മാരുടെ മെത്രാഭിഷേകത്തിന്റെ തീയതി പിന്നീട് നിശ്ചയിക്കുന്നതാണ്. ചങ്ങനാശ്ശേരി അതിരൂപതയിലെ സിഞ്ചെല്ലൂസായി സേവനം ചെയ്യുമ്പോഴാണ് പുതിയ കര്‍മമേഖലയിലേക്ക് മോണ്‍സിഞ്ഞോര്‍ തോമസ് പാടിയത്ത് നിയോഗിക്കപ്പെടുന്നത്. ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി നിയമിക്കപ്പെട്ടിരിക്കുന്ന ഫാ. തോമസ് പാടിയത്ത് ചങ്ങനാശ്ശേരി അതിരൂപതാംഗമാണ്. 1969-ല്‍ ജനിച്ച അദ്ദേഹം സ്‌കൂള്‍ പഠനത്തിനുശേഷം 1984-ല്‍ വൈദികപരിശീലനത്തിനായി ചങ്ങനാശ്ശേരി അതിരൂപതാ മൈനര്‍ സെമിനാരിയില്‍ പ്രവേശിച്ചു. 1994 ഡിസംബര്‍ 29-ന് വൈദികനായി അഭിഷിക്തനായി. അതിരമ്പുഴ പള്ളി അസിസ്റ്റന്റ് വികാരിയായും മാര്‍ ജോസഫ് പൗവ്വത്തില്‍ പിതാവിന്റെ സെക്രട്ടറിയായും സേവനം ചെയ്ത ഫാ. പാടിയത്ത് ബെല്‍ജിയത്തിലെ ലുവൈന്‍ സര്‍വ്വകലാശാലയില്‍നിന്ന് തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റും ദൈവശാസ്ത്രത്തില്‍ മാസ്റ്റര്‍ ബിരുദവും നേടി. കുന്നോത്ത് ഗുഡ് ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയില്‍ ഉള്‍പ്പെടെ വിവിധ മേജര്‍ സെമിനാരികളിലും സ്ഥാപനങ്ങളിലും പഠിപ്പിച്ചിട്ടുണ്ട്. ഇംഗ്ലീഷിന് പുറമേ ജര്‍മ്മന്‍ ഭാഷയിലും അദ്ദേഹത്തിന് പ്രാവീണ്യമുണ്ട്.
സിറോ മലബാര്‍ സഭയുടെ മുപ്പതാമത് സിനഡിന്റെ രണ്ടാം സമ്മേളനത്തിലാണ് ഇവരെ മെത്രാന്മാരായി സിനഡ് പിതാക്കന്മാര്‍ തെരഞ്ഞെടുത്തത്. ഇവരുടെ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുന്‍പായി ഇവരെ മെത്രാന്മാരായി നിയമിക്കുന്നതിനുള്ള മാര്‍പ്പാപ്പയുടെ സമ്മതം വത്തിക്കാന്‍ സ്ഥാനപതിവഴി ലഭിച്ചിരുന്നു. മെത്രാന്‍ സിനഡിന്റെ സമാപനദിവസമായ ആഗസ്റ്റ് 25-ാം തീയതി സിനഡ് പിതാക്കന്മാരുടെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍വെച്ച് നിയുക്ത മെത്രാന്മാരുടെ പ്രഖ്യാപനം നടന്നു. ഇതോടെ സീറോമലബാര്‍ സഭയില്‍ ശുശ്രൂഷ ചെയ്യുന്നവരും വിരമിച്ചവരുമായി മെത്രാന്മാരുടെ എണ്ണം 65 ആയി.
ജര്‍മ്മനിയിലായിരിക്കുന്ന മാനന്തവാടി രൂപതയുടെ നിയുക്ത സഹായമെത്രാന്‍ ഫാ. അലക്‌സ് താരാമംഗലം തദവസരത്തില്‍ സന്നിഹിതനായിരുന്നില്ല. ഫാ. അലക്‌സ് താരാമംഗലം തലശ്ശേരി അതിരൂപതാംഗമാണ്. 1958-ല്‍ ജനിച്ച അദ്ദേഹം 1973 ല്‍ തലശ്ശേരി മൈനര്‍ സെമിനാരിയില്‍ വൈദികപരിശീലനം ആരംഭിച്ച് 1983 ജനുവരി ഒന്നിന് വൈദികനായി. തലശ്ശേരി അതിരൂപതയിലെ വിവിധ ഇടവകകളില്‍ ശുശ്രൂഷചെയ്ത ഫാ. അലക്‌സ് റോമിലെ ഗ്രിഗോറിയന്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് തത്വശാസ്ത്രത്തില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. വിവിധ മേഖലകളിലെ അജപാലനശുശ്രൂഷകള്‍ക്കുപുറമേ അദ്ദേഹം കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ അധ്യാപകന്‍, വൈസ് റെക്ടര്‍, റെക്ടര്‍ എന്നീ നിലകളിലും സേവനം ചെയ്തു. 2016 മുതല്‍ 2022 വരെ തലശ്ശേരി അതിരൂപതയുടെ സിഞ്ചെല്ലൂസ് ആയിരുന്നു.
അതിരൂപതയിലെ മാടത്തില്‍ ഇടവകയുടെ വികാരിയായി സേവനം ചെയ്യുമ്പോഴാണ് പുതിയ നിയമനം അദ്ദേഹത്തെ തേടിയെത്തുന്നത്. തത്വശാസ്ത്ര സംബന്ധമായ പുസ്തകങ്ങളും നിരവധി ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുള്ള നിയുക്ത മെത്രാന് ഇറ്റാലിയന്‍, ജര്‍മ്മന്‍ എന്നീ ഭാഷകളിലും പ്രാവീണ്യമുണ്ട്. ഷംഷാബാദ് രൂപതയുടെ സഹായമെത്രാനായി നിയമിക്കപ്പെട്ടിരിക്കുന്ന പാലാ രൂപതാംഗമായ ഫാ. ജോസഫ് കൊല്ലംപറമ്പില്‍ 1955-ല്‍ ജനിച്ചു. പാലാ രൂപതയുടെ മൈനര്‍ സെമിനാരിയില്‍ വൈദികപരിശീലനം ആരംഭിച്ച അദ്ദേഹം 1981 ഡിസംബര്‍ 18ന് വൈദികനായി അഭിഷിക്തനായി. പാലാ രൂപതയിലെ വിവിധ ഇടവകകളില്‍ സേവനം ചെയ്ത ഫാ. കൊല്ലംപറമ്പില്‍ പാലാ സെന്റ് തോമസ് കോളേജില്‍നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. പാലാ സെന്റ് തോമസ് കോളേജില്‍ ലക്ചററായും, ബര്‍സാറായും, ഹോസ്റ്റലിന്റെ വാര്‍ഡനായും സേവനം ചെയ്തു. 2003 മുതല്‍ 2011 വരെ അരുവിത്തുറ സെന്റ് ജോര്‍ജ് കോളേജിന്റെ പ്രിന്‍സിപ്പാളായിരുന്നു. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ സെനറ്റ് മെമ്പര്‍, സിന്‍ഡിക്കേറ്റ് മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. പാലാ രൂപതയുടെ വിവിധ കാനോനിക സമിതികളില്‍ അംഗമായിരുന്ന അദ്ദേഹം രൂപതയുടെ സിഞ്ചെല്ലൂസായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ ഷംഷാബാദ് രൂപതയില്‍ ഗുജറാത്ത് മിഷന്‍ പ്രദേശത്തിനുവേണ്ടിയിട്ടുള്ള സിഞ്ചെല്ലൂസായി പ്രവര്‍ത്തിക്കുന്നു.
പാലാ രൂപതയുടെ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ 2022 ഓഗസ്റ്റ് 16ന് സമര്‍പ്പിച്ച രാജി പെര്‍മനന്റ് സിനഡിന്റെ അനുവാദപ്രകാരം മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്വീകരിച്ചു. 2017 മുതല്‍ ആശ്രമജീവിതത്തിലേക്കുള്ള ആഭിമുഖ്യം മാര്‍ ജേക്കബ് മുരിക്കന്‍ പ്രകടമാക്കിയിരുന്നെങ്കിലും പരി. സിംഹാസനത്തിന്റെ നിര്‍ദ്ദേശം കൂടി കണക്കിലെടുത്ത് പിതാവിനോട് മെത്രാന്‍ ശുശ്രൂഷയില്‍ തുടരാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, സഹായമെത്രാന്‍ സ്ഥാനത്തുനിന്നുമാറി ആശ്രമജീവിതത്തിലേക്ക് പ്രവേശിക്കാനുള്ള തന്റെ തീരുമാനം അറിയിച്ചുകൊണ്ട് ബിഷപ്പ് മുരിക്കന്‍ കാനന്‍ നിയമപ്രകാരം മേജര്‍ ആര്‍ച്ച് ബിഷപ്പിന് രാജി സമര്‍പ്പിക്കുകയായിരുന്നു. ബിഷപ്പ് മുരിക്കന്റെ രാജി സ്വീകരിച്ചുകൊണ്ടുള്ള തീരുമാനം മേജര്‍ ആര്‍ച്ച് ബിഷപ് പരി. സിംഹാസനത്തെ അറിയിക്കുകയും ഓഗസ്റ്റ് 25-ന് രാജി പ്രാബല്യത്തില്‍ വരുമെന്ന് പരിശുദ്ധ സിംഹാസനം അറിയിക്കുകയും ചെയ്തു.