തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കള്ളം പറയുകയാണെന്ന് സമരസമിതി. വളരെയേറെ അസത്യങ്ങള്‍ കുത്തിനിറച്ച പ്രസ്താവനയാണ് ഫിഷറീസ് മന്ത്രി വി.അബ്ദുറഹ്മാന് നിയമസഭയില്‍ നടത്തിയതെന്ന് സമരസമിതി കണ്‍വീനര്‍ ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് പറഞ്ഞു. മത്സ്യത്തൊഴിലാളികളെ കളിയാക്കുകയാണ് മന്ത്രി നിയമസഭയില്‍ ചെയ്തത്. സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി യാഥാര്‍ത്ഥ്യം മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അദാനി അശാസ്ത്രീയമായി നിര്‍മ്മിക്കുന്ന ഈ തുറമുഖത്തെ ഇവിടെ നിന്നും എന്നെന്നേയ്ക്കുമായി നിര്‍ത്തലാക്കാതെ മത്സ്യത്തൊഴിലാളികള്‍ സമരത്തില്‍ നിന്നും അണുവിട ചലിയ്ക്കില്ല. മുഖ്യമന്ത്രി യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിയാതെയാണ് സംസാരിക്കുന്നത്. ഇവിടെ ആര്‍ക്കും തൊഴിലുകള്‍ ഉണ്ടാകാന്‍ പോകുന്നില്ല.
ഈ പദ്ധതി നിര്‍ത്തിവെച്ചുകൊണ്ടേ സമരം അവസാനിപ്പിക്കൂ. ഇന്ന് ബീമാപ്പള്ളിയിലെ സഹോദരങ്ങളും സമരത്തില്‍ അണിചേരും. 29-ന് പെരുമാതുറ മുതല്‍ വിഴിഞ്ഞം വരെ വള്ളങ്ങള്‍ നിരനിരയായി അണിനിരത്തി സമരപരമ്പര അരങ്ങറുമെന്നും അദ്ദേഹം പറഞ്ഞു.
വാ തുറന്നാല്‍ നികൃഷ്ട ജീവി, കടക്ക് പുറത്ത് എന്നു പറയുന്ന ആ ചങ്കന്റെ ധൈര്യമൊന്നും ഈ ചങ്കന്മാരുടെ അടുത്തുവേണ്ട. ഇതു മത്സ്യത്തൊഴിലാളികളുടെ സമരമാണ്. ഇതു വിജയിപ്പിച്ചേ അടങ്ങു. പിണറായി വിജയനെ തൂത്ത് തരിപ്പണമാക്കി കണ്ണൂരിലേക്ക് പറഞ്ഞയക്കേണ്ടി വന്നാലും ഞങ്ങള്‍ ജയിച്ചിട്ടേ അടങ്ങുകയുള്ളൂവെന്ന് ഫാദര്‍ തിയോഡേഷ്യസ് ഡിക്രൂസ് വ്യക്തമാക്കി.