സംസ്ഥാനത്ത് തക്കാളിപ്പനി പടരുന്നു; അതീവജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് തക്കാളിപ്പനി പടരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായി പകരുന്നത്. ഈ സാഹചര്യത്തില്‍ സ്‌കൂളുകള്‍ക്ക് സര്‍ക്കാര്‍ ജാഗ്രതാനിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അടുത്തിടെ ഇത് സംബന്ധിച്ച് മെഡിക്കല്‍ ജേര്‍ണലായ ലാന്‍സെറ്റില്‍ പഠനറിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.
കോവിഡ് നാലാം തരംഗത്തിന് ശേഷം കേരളത്തില്‍ പുതിയൊരു പകര്‍ച്ചവ്യാധി വൈറസ് റിപ്പോര്‍ട്ട് ചെയ്യുന്നതായി പരാമര്‍ശിച്ചാണ് പഠനറിപ്പോര്‍ട്ട് ആരംഭിക്കുന്നത്. തമിഴ്‌നാട്, ഒഡീഷ, കര്‍ണാടക എന്നിവിടങ്ങളില്‍ രോഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും കേരളത്തിലാണ് ഇത് കൂടുതല്‍.

അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് രോഗം കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പനി, ശരീരവേദന, വസൂരിയ്ക്ക് സമാനമായ വ്രണങ്ങള്‍ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. സാധാരണ ഏഴ് മുതല്‍ പത്ത് ദിവസം കൊണ്ട് ഭേദമാകുന്ന തക്കാളിപ്പനിക്ക് നിലവില്‍ മരുന്നില്ല. എന്നാല്‍ സ്വയം പ്രതിരോധിക്കാന്‍ കഴിയുമെന്ന് റിപ്പോര്‍ട്ടിലുണ്ട്.