തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതി ബില്‍ നാളെ നിയമസഭയില്‍ അവതരിപ്പിക്കും. ബുധനാഴ്ച അവതരിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ രണ്ട് പ്രധാന ബില്ലുകള്‍ ഒരു ദിവസം കൊണ്ടുവരുന്ന നിര്‍ദ്ദേശത്തെ പ്രതിപക്ഷം എതിര്‍ക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് ബില്‍ നാളെ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.
അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകന് പദവിയില്‍ ഇരിക്കാന്‍ അര്‍ഹതയില്ലെന്ന ലോയായുക്ത വിധി വീണ്ടും ഹിയറിങ് നടത്തി സര്‍ക്കാരിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് നിയഭേദഗതിയിലൂടെ കൊണ്ടുവരുന്നത്. പുതിയ ഭേദഗതി പ്രകാരം മന്ത്രിക്കെതിരായ ലോകായുക്ത വിധിയില്‍ മുഖ്യമന്ത്രി അപ്പീല്‍ അധികാരിയാകും.
അതേസമയം നിലവില്‍ അവതരിപ്പിക്കാനിരിക്കുന്ന ബില്ലിലെ നിര്‍ദ്ദേശങ്ങളോട് സിപിഐയ്ക്ക് എതിര്‍പ്പുണ്ട്. ബില്ലില്‍ സമവായം ഉണ്ടാക്കുന്നതിനായി സിപിഎമ്മും സിപിഐയും ചര്‍ച്ചകള്‍ തുടരുകയാണ്. പുതിയ നിര്‍ദ്ദേശങ്ങളും പരിഗണനയിലാണ്. മന്ത്രിമാര്‍ക്കെതിരായ ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് പരിശോധിക്കാം, മുഖ്യമന്ത്രിക്കെതിരായ വിധി നിയമസഭ പരിശോധിക്കുക, എം.എല്‍.എമാര്‍ക്കെതിരായ വിധിയില്‍ പുനഃപരിശോധനാ ചുമതല തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പരിഗണനയിലുള്ളതെന്നാണ് സൂചനകള്‍.