കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വര്‍ഗീസിന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമനം നല്‍കിയത് അഭിമുഖം മാനദണ്ഡമാക്കി തന്നെയാണെന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍. അഭിമുഖത്തില്‍ മികവുകാട്ടിയത് പ്രിയ വര്‍ഗീസാണ്. നിയമന നടപടികളില്‍ ക്രമക്കേടില്ലെന്ന് ഗവര്‍ണറെ അറിയിച്ചതായി വൈസ് ചാന്‍സലര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമന ഉത്തരവ് രണ്ട് ദിവസത്തിനകം ഉണ്ടാകും. സിമിലാരിറ്റി ചെക്കിംഗ് കൂടി ബാക്കിയുള്ളതിനാലാണ് നിയമനം വൈകുന്നത്. ഇക്കാര്യം പൂര്‍ത്തിയാകുന്നതോടെ നിയമന ഉത്തരവ് നല്‍കുമെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.
ഗവര്‍ണര്‍ തനിക്കെതിരെ പരസ്യമായി ആരോപണം ഉന്നയിക്കുകയാണ്. ഇത്തരത്തില്‍ ആരോപണം ഉന്നയിക്കുന്നതിന് പകരം എഴുതി നല്‍കുകയാണെങ്കില്‍ മറുപടി നല്‍കാമെന്നും വിസി പറഞ്ഞു. റിസര്‍ച്ച് സ്‌കോര്‍ എന്നത് ഉദ്യോഗാര്‍ത്ഥികളുടെ അവകാശം മാത്രമല്ല, യൂണിവേഴ്‌സിറ്റി സ്‌ക്രീനിങ് കമ്മിറ്റി പരിശോധിച്ച് അംഗീകരിച്ചതാണ്. ഇക്കാര്യത്തില്‍ പ്രിയ വര്‍ഗീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധിച്ചിട്ടില്ല.
വിവരാവകാശ രേഖ വഴി ഇന്റര്‍വ്യൂവിന്റെ റെക്കോര്‍ഡ് പുറത്തുവിടാന്‍ കഴിയുമോ എന്നതില്‍ വ്യക്തത ഇല്ലെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു. പുറത്തുവിടാന്‍ കഴിയില്ലെന്നാണ് നിയമവൃത്തങ്ങളില്‍നിന്ന് മനസ്സിലാകുന്നത്. അത്തരത്തില്‍ ചെയ്യണമെങ്കില്‍ ഇന്റര്‍വ്യൂ ബോര്‍ഡിലെ 11 പേരുടെയും അഭിമുഖത്തില്‍ പങ്കെടുത്ത ആറ് പേരുടെയും അനുമതി വേണമെന്നും അദ്ദേഹം പറഞ്ഞു. സര്‍വ്വകലാശാലക്ക് ഇക്കാര്യത്തില്‍ ബുദ്ധിമുട്ടൊന്നും ഇല്ലെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി.