മുംബൈ: മഹാരാഷ്ട്രയിലെ ഏക്നാഥ് ഷിന്‍ഡെ മന്ത്രിസഭയില്‍ 18 എം.എല്‍.എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ബിജെപിയുടെയും ശിവസേനയുടെയും( ഷിന്‍ഡെ വിഭാഗം) ഒന്‍പത് എം.എല്‍.എമാര്‍ വീതമാണ് സത്യപ്രതിജ്ഞ ചെയ്തത്. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഏറെ രാഷ്ട്രീയ നാടകങ്ങള്‍ക്കൊടുവില്‍ ശിവസേനയില്‍ നിന്നും വേര്‍പെട്ട് ബിജെപി പാളയത്തിലെത്തിയ ഏക്നാഥ് ഷിന്‍ഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് 40 ദിവസം പിന്നിടുമ്പോഴാണ് മന്ത്രിസഭാ വികസനം നടക്കുന്നത്.
ബി.ജെ.പിയില്‍നിന്ന് ചന്ദ്രകാന്ത് പാട്ടീല്‍, സുധീര്‍ മുങ്കത്തിവാര്‍, ഗിരീഷ് മഹാജന്, സുരേഷ് ഖാദേ, രാധാകൃഷ്ണ വിഖേ പാട്ടീല്‍, രവീന്ദ്ര ചവാന്, മംഗള്‍ പ്രഭാത് ലോധ, വിജയകുമാര്‍ ഘവിത്, അതുല്‍ സാവേ എന്നിവരും ശിവസേനയില്‍നിന്ന് ദാദാ ഭുസെ, ഉദയ് സാമന്ത്, ഗുലാബ്റാവു പാട്ടീല്‍, ശംഭുരാജേ ദേശായ്, സന്ദീപന്‍ ഭുംറെ, സഞ്ജയ് റാത്തോഡ്, തനാജി സാവന്ത്, ദീപക് കേരസര്‍കര്‍, അബ്ദുള്‍സത്താര്‍ എന്നിവരുമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഇതുവരെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസും ചേര്‍ന്നാണ് ഭരണകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്.
വകുപ്പുകള്‍ സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ലെങ്കിലും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫട്നാവിസിന് ആഭ്യന്തര വകുപ്പിന്റെ ചുമതല ലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം സഞ്ജയ് റാത്തോഡ് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത് അങ്ങേയറ്റം തെറ്റാണെന്ന് ബിജെപി മഹാരാഷ്ട്ര വൈസ് പ്രസിഡന്റ് പറഞ്ഞു. ടിക് ടോക് താരത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മന്ത്രിയായിരിക്കെ രാജിവെച്ച സഞ്ജയ് റാത്തോഡ് വീണ്ടും മന്ത്രിയായതില്‍ ബിജെപി കടുത്ത അതൃപ്തിയിലാണ്. മന്ത്രിസഭ രൂപീകരണത്തിന്റെ തുടക്കത്തില്‍ തന്നെ ഇത്തരമൊരു സംഭവം ഉയര്‍ന്നുവന്നത് കല്ലുകടിയായി. ഇതിന്റെ പേരില്‍ ബിജെപിയും ഏക്നാഥ് ഷിന്‍ഡെ നേതൃത്വം നല്കുന്ന ശിവസേനയും തമ്മില്‍ ഉരസലുകള്‍ ഉണ്ടാകാന്‍ സാധ്യതയേറെയാണ്. ബിജെപിയുടെ ശക്തമായ പ്രതിഷേധത്തെത്തുടര്‍ന്നായിരുന്നു 2021-ല്‍ സഞ്ജയ് റാത്തോഡിന്റെ രാജി.
മന്ത്രിസഭാ വികസനത്തിന് പിന്നാലെ ബുധനാഴ്ച മുതല്‍ മഹാരാഷ്ട്ര നിയമസഭയുടെ വര്‍ഷകാല സമ്മേളനം ആരംഭിക്കും. 18 വരെ സമ്മേളനം തുടരും.