സഹറാന്‍പുര്‍: ഉത്തര്‍പ്രദേശില്‍ കായികതാരങ്ങള്‍ക്ക് ടോയിലറ്റില്‍ സൂക്ഷിച്ച ഭക്ഷണം നല്‍കിയ സംഭവത്തില്‍ ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍. സഹറാന്‍പുര്‍ ജില്ലാ സ്‌പോര്‍ട്‌സ് ഓഫീസര്‍ അനിമേഷ് സക്‌സേനയെയാണ് അഡിഷണല്‍ ചീഫ് സെക്രട്ടറി സസ്‌പെന്റ് ചെയ്തത്.
സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ ടോയിലറ്റില്‍ സൂക്ഷിച്ചിരുന്ന പകുതി വെന്ത ഭക്ഷണമാണ് തങ്ങള്‍ക്ക് നല്‍കിയതെന്ന് കായിക താരങ്ങള്‍ പരാതിപ്പെട്ടിരുന്നു.
സെപ്റ്റംബര്‍ 16-നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. മൂന്നുദിവസത്തെ ഗേള്‍സ് സബ് ജൂനിയര്‍ കബഡി മത്സരത്തിന് എത്തിയ പെണ്‍കുട്ടികള്‍ക്കാണ് ദുരനുഭവമുണ്ടായത്. പകുതി വെന്ത ചോറാണ് ഇവര്‍ക്ക് ഉച്ചഭക്ഷണ സമയത്ത് നല്‍കിയത്. ഇത് കുട്ടികള്‍ ചോദ്യം ചെയ്തു. തുടര്‍ന്ന് പാചകക്കാരന്‍ ബാക്കി അരിയെടുത്ത് ടോയിലറ്റില്‍ വയ്ക്കുകയായിരുന്നു. ടോയിലറ്റ് പരിശോധിച്ച കുട്ടികള്‍, പേപ്പറില്‍ പൊതിഞ്ഞ പൂരികളും കണ്ടു. ഇതിന് പിന്നാലെയാണ് കുട്ടികള്‍ പരാതിയുമായി രംഗത്തെത്തിയത്. സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്.