തിരുവനന്തപുരം: കേരള സര്‍വകലാശാല നേരിട്ട് നടത്തുന്ന ബിഎഡ് സെന്ററുകളിലെ പ്രവേശനത്തിന് ആദ്യമായി മാനേജ്‌മെന്റ് കോട്ട നിലവില്‍ വരുന്നതോടെ പിന്നോക്ക വിഭാഗത്തിന്റെയും പട്ടികജാതി പട്ടിക വര്‍ഗ വിഭാഗത്തിന്റെയും പ്രവേശനത്തിനുള്ള സംവരണം പകുതിയായി കുറയും. ഇത് സംബന്ധിച്ച വിജ്ഞാപനം സര്‍വ്വകലാശാല പുറപ്പെടുവിച്ചു.
ഇപ്പോള്‍ സര്‍വ്വകലാശാലയുടെ നിയന്ത്രണത്തിലുള്ള പത്ത് സെന്ററുകളില്‍ ആകെയുള്ള 500 സീറ്റില്‍ 200 സീറ്റുകളാണ് സംവരണം ചെയ്ത് ഈ വിഭാഗങ്ങള്‍ക്ക് നീക്കി വച്ചിട്ടുള്ളത്. ഇത് പകുതിയായാണ് കുറയുന്നത്. മാനേജ്‌മെന്റ് സീറ്റില്‍ സംവരണം ഉണ്ടാകില്ല. മുന്നോക്കകാരില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സംവരണ സീറ്റുകളും നഷ്ടപ്പെടും.
എസ്.സി-എസ്.ടി വിഭാഗത്തിലുള്ളവര്‍ക്ക് മാനേജ്‌മെന്റ് സീറ്റില്‍ പ്രവേശനം ലഭിച്ചാലും അവര്‍ക്ക് ഫീസ് അനുകൂല്യത്തിനോ പ്രതിമാസ വിദ്യാഭ്യാസ ഗ്രാന്റിനോ അര്‍ഹതയുണ്ടാവില്ല. വിദൂര വിദ്യാഭ്യാസ പഠനത്തിലൂടെ ലഭിച്ചുകൊണ്ടിരുന്ന വരുമാനം ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ രൂപീകരണത്തോടെ നഷ്ടപ്പെട്ടതോടെ ആഭ്യന്തര വരുമാനത്തിലുണ്ടായ ഗണ്യമായ കുറവും ആഭ്യന്തര വരുമാനം വര്‍ദ്ധിപ്പിക്കണമെന്ന സര്‍ക്കാരിന്റെ നിര്‍ദ്ദേശവും കണക്കിലെടുത്താണ് ബിഎഡ് പ്രവേശനത്തിനുള്ള ആകെ സീറ്റുകളുടെ പകുതി സീറ്റുകള്‍ മാനേജ്‌മെന്റ് കോട്ട ആയി മാറ്റാന്‍ സര്‍വ്വകലാശാല തീരുമാനിച്ചത്.
നാളിതുവരെ സര്‍വകലാശാലയുടെ കീഴിലുള്ള ബിഎഡ് സെന്ററുകളില്‍ ഒരേ നിരക്കിലുള്ള ഫീസാണ് ഈടാക്കിയിരുന്നത്. ഇപ്പോള്‍ 50% സീറ്റ് 35,000 രൂപയും ബാക്കി സീറ്റ് മാനേജ്‌മെന്റ് സീറ്റായി കണക്കാക്കി 50,000 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനം ദുസ്സഹമാവും.
മാനേജ്‌മെന്റ് സീറ്റിന് വിദ്യാര്‍ത്ഥികള്‍ 2,000 രൂപ മുടക്കി പ്രത്യേക അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണമെന്ന് ഇത് സംബന്ധിച്ച വിജ്ഞാപനത്തില്‍ പറയുന്നു. സംവരണ സീറ്റുകളുടെ എണ്ണം കുറച്ചതില്‍ പ്രതിഷേധം വ്യാപകമാണ്. മാനേജ്‌മെന്റ് സീറ്റില്‍ പ്രത്യേക അപേക്ഷ ക്ഷണിക്കുന്നത് പ്രവേശനത്തിലെ സുതാര്യത നഷ്ടപെടാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്നും ആക്ഷേപമുണ്ട്