തലാഖും മുത്തലാഖും ഒരുപോലെയല്ല, സ്ത്രീകള്‍ക്ക് ‘ഖുല’യിലൂടെ വിവാഹമോചനമാകാം; സുപ്രീം കോടതി

ന്യൂഡെല്‍ഹി: തലാഖ് ഇ ഹസനിലൂടെ വിവാഹമോചനം നടത്തുന്നതില്‍ പ്രഥമദൃഷ്ട്യാ തെറ്റൊന്നും കാണാനാകുന്നില്ലെന്ന് സുപ്രീം കോടതി. തലാഖ് ഹസനും മുത്തലാഖും ഒന്നല്ല. പുരുഷന്മാരുടെ തലാഖ് ഇ ഹസന്‍ പോലെ തന്നെ സ്ത്രീകള്‍ക്ക് ഖുലയിലൂടെ വിവാഹമോചനം നേടാനാകുമെന്നും കോടതി അഭിപ്രായപ്പെട്ടു.

മാസത്തിലൊരിക്കല്‍ എന്ന ക്രമത്തില്‍ മൂന്നുമാസം കൊണ്ട് തലാഖ് ചൊല്ലി മുസ്‌ലിം പുരുഷന്മാര്‍ വിവാഹമോചനം നേടുന്ന രീതിയാണ് തലാഖ് ഇ ഹസന്‍. ഇത് തെറ്റാണെന്ന വാദം പ്രഥമദൃഷ്ട്യാ അംഗീകരിക്കാനാവുന്നതല്ല. ഒരുമിച്ച് ജീവിക്കാന്‍ സാധിക്കില്ലെന്ന് ദമ്പതിമാര്‍ ഉറച്ച തീരുമാനത്തിലെത്തിയാല്‍ വിവാഹമോചനം ഭരണഘടന അനുവദിക്കുന്നുണ്ടെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

തലാഖിലൂടെ വിവാഹമോചനം നടത്തുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട മാധ്യമപ്രവര്‍ത്തക ബേനസീര്‍ ഹീന നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നിരീക്ഷണം. തലാഖ് ഇ ഹസന്‍ മുസ്‌ലിം സ്ത്രീകള്‍ക്ക് നേരെയുള്ള വിവേചനമാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം.

തലാഖ് ഇ ഹസന്‍ അടക്കം കോടതിയ്ക്ക് പുറത്തുള്ള വിവാഹമോചനങ്ങള്‍ നിരോധിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. കേസ് വിശദമായ വാദത്തിന് ഓഗസ്റ്റ് 29-ലേക്ക് മാറ്റി.