തിരുവനന്തപുരം: സാങ്കേതിക സർവകലാശാലയിലെ ഉത്തരക്കടലാസ് മൂല്യനിർണയത്തിൽ വ്യാപക വീഴ്ചയെന്ന് പരാതി. മൂല്യനിർണായത്തിന് പരിചയസമ്പന്നരല്ലാത്ത അധ്യാപകരെ നി യോഗിക്കുന്നതുമൂലം സമർത്ഥരായ നിരവധി വിദ്യാർത്ഥികൾ എഞ്ചിനീയറിംഗ് പരീക്ഷകളിൽ പരാജയപ്പെടുന്നതായാണ് ആക്ഷേപം.
സ്വാശ്രയ എൻജിനീയറിങ് കോളേജുകളിലെ അധ്യാപകരെ യോഗ്യത പോലും പരിശോധിക്കാതെയാണ് മൂല്യനിർണയത്തിന് നിയമിക്കുന്നതെന്നാണ് ആക്ഷേപം. കഴിഞ്ഞ മാസം പ്രസിദ്ധീകരിച്ച ബിടെക് ഏഴാം സെമസ്റ്റർ പരീക്ഷയിൽ ‘സ്ട്രക്ചറൽ അനാലിസിസ് ‘പേപ്പറിന് മാത്രമായി തോറ്റ രണ്ട് വിദ്യാർത്ഥിനികൾക്ക് 24 മാർക്കും 22 മാർക്കുമാണ് ലഭിച്ചത്.
ഉത്തരകടലാസുകളുടെ പുനപരിശോധനയിൽ അവരുടെ മാർക്ക് 17 വും 10 വും ആയി കുറഞ്ഞു. ഉത്തരകടലാസിന്റെ പകർപ്പ് പരിശോധിച്ച വിദ്യാർഥിനികൾ തങ്ങൾക്ക് കൂടുതൽ മാർക്ക് കിട്ടുമെന്ന പരാതിയുമായി ലോകയുക്തയെ സമീപിച്ചു. ലോകയുക്ത യുടെ നിർദ്ദേശനുസരണം പരാതി പരിശോധിക്കാൻ സർവ്വകലാശാല റിവ്യൂ കമ്മിറ്റിയെ ചുമതലപെടുത്തി.
പരീക്ഷ ചോദ്യപേപ്പർ ബോർഡ് ചെയർമാൻ നിയോഗിച്ച പരിചയസമ്പന്നരായ അധ്യാപകരെകൊണ്ട് വീണ്ടും മൂല്യനിർണയം ചെയ്തപ്പോൾ 17 മാർക്ക് 76 ആയും 10 മാർക്ക് 46 ആയും ഉയർന്നു. വിദ്യാർഥിനികൾ ബി.ടെക് പരീക്ഷയിൽ വിജയിച്ചു.
വീഴ്ച സർവ്വകലാശാലയുടെതാണെങ്കിലും ഉത്തരകടലാസ് റിവ്യൂ ചെയ്യുന്നതിന് 5000 രൂപവീതം ഫീസിനത്തിൽ വിദ്യാർത്ഥിനികളിൽ നിന്നും സർവകലാശാല ഈടാക്കി. ഐടി കമ്പനികളിലുൾപ്പടെ പ്ലേസ്മെന്റ് ലഭിക്കുന്ന നിരവധി വിദ്യാർത്ഥികൾക്ക് മൂല്യനിർണയങ്ങളിലെ അപാകതകൾ മൂലം തൊഴിൽ നഷ്ടപ്പെടുന്നുണ്ട്.
മൂല്യനിർണയത്തിൽ വീഴ്ച വരുത്തുന്ന അധ്യാപകർക്കെതിരെയും ഉത്തരവാദപെട്ട സർവകലാശാല ഉദ്യോഗസ്ഥർക്കെതിരെയും ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ എസ് ശശികുമാർ, സെക്രട്ടറി
എം ഷാജർഖാൻ എന്നിവർ ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നൽകി.