തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ-എയ്ഡഡ് സ്കൂളുകളിൽ 2021-22 അധ്യയനവർഷത്തിൽ 3,05,414 വിദ്യാർഥികൾ ഒന്നാം ക്ലാസിൽ ചേർന്നതായി പൊതുവിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഇതിൽ സർക്കാർ മേഖലയിലെ 1,20,706 കുട്ടികളും എയ്ഡഡ് മേഖലയിലെ 1,84,708 കുട്ടികളുമാണ് ഉൾപ്പെടുന്നത്.
2020 – 21ൽ സർക്കാർ മേഖലയിൽ 1,05472 കുട്ടികളും എയ്ഡഡ് മേഖലയിൽ 1,71,460 കുട്ടികളുമടക്കം 2,76,932 കുട്ടികളാണ് ഒന്നാം ക്ലാസിൽ ചേർന്നത്. മുൻവർഷത്തെ അപേക്ഷിച്ച് സർക്കാർ – എയ്ഡഡ് മേഖലയിൽ 28,482 കുട്ടികളാണ് ഒന്നാംക്ലാസിൽ ഇത്തവണ അധികമായി എത്തിയത്.
അണ് എയ്ഡഡ് മേഖലയിൽ കഴിഞ്ഞ വർഷത്തേക്കാൾ 6,615 കുട്ടികളുടെ കുറവ് രേഖപ്പെടുത്തി. മുൻവർഷം 44,849 കുട്ടികൾ അണ്‍എയ്ഡഡ് വിദ്യാലയങ്ങളിൽ ഒന്നാം ക്ലാസ്സിൽ ചേർന്നപ്പോൾ ഈ വർഷം 38,234 കുട്ടികളായി ചുരുങ്ങി.