കൊടകര കുഴൽപ്പണക്കേസ്; മുഖ്യപ്രതിയുടെ വീട്ടിൽനിന്നും 12 ലക്ഷം കൂടി കണ്ടെത്തി: തട്ടിയെടുത്ത പണം 25 പേർക്ക് വീതം വച്ചു

തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ തെരച്ചിലിൽ മുഖ്യപ്രതി രഞ്ജിത്തിന്റെ തൃശൂർ പുല്ലൂറ്റിലെ വാടക വീട്ടിൽ നിന്നും 12 ലക്ഷം രൂപ കൂടി കണ്ടെത്തി. ഇതോടെ കേസിൽ ഇതുവരെ പൊലീസ് 90 ലക്ഷം രൂപ കണ്ടെടുത്തു. കൊടകര കുഴൽപ്പണ കവർച്ചാക്കേസിൽ കവ‍ർച്ച ചെയ്തത് രണ്ടരക്കോടി രൂപയാണെന്ന് അന്വേഷണം സംഘം കണ്ടെത്തി. തട്ടിയെടുത്ത ഈ പണം ഏകദേശം 25 പേർക്ക് വീതം വെച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

കൂടുതൽ പ്രതികളെ ചോദ്യം ചെയ്യുന്നതോടെ തുക വർധിക്കുമെന്നാണ് കണക്കുകൂട്ടൽ. നിയമസഭാ തെരഞ്ഞടുപ്പിൽ മത്സരിച്ച സംസ്ഥാനത്തെ ഒരു പ്രമുഖ പാർട്ടിയുടെ മുതിർന്ന നേതാവിനായി എത്തിയ മൂന്നരക്കോടിയുടെ കുഴൽപ്പണമാണ് കവർച ചെയ്തതെന്നാണ് ആക്ഷേപം.

ഭൂമിയിടപാടുമായി ബന്ധപ്പെട്ട 25 ലക്ഷം രൂപ കവ‍ർന്നെന്നായിരുന്ന ആർഎസ്എസ് പ്രവർത്തകനായ ധർമ്മരാജൻ പൊലീസിന് നൽകിയിരുന്ന പരാതി. പരാതിയിൽ പറയും പോലെ 25 ലക്ഷമല്ല രണ്ടരക്കോടിരൂപയുടെ ഇടപാടാണ് ഇതേവരെ അന്വേഷണസംഘം തിരിച്ചറിഞ്ഞിരിക്കുന്നത്. കവർച്ചയിൽ പങ്കെടുത്ത പ്രതികൾ ഈ തുക വീതം വച്ചെടുത്തെന്നാണ് കണ്ടെത്തൽ.

തുടരന്വേഷണത്തിൽ യഥാർത്ഥ സംഖ്യ പുറത്തുവരുമെന്നാണ് കണക്കുകൂട്ടൽ. കവർച്ചയ്ക്കുപയോഗിച്ച കാർ വെട്ടിപ്പൊളിക്കാൻ – മുൻകൈയെടുത്ത ബാബുവിന്‍റെ വീട്ടിൽ വെച്ചാണ് 1.20 കോടി രൂപ വീതം വെച്ചെടുത്തത്. ബാബുവിന്‍റെ ഭാര്യ സുനീറയെ ചോദ്യം ചെയ്തതിൽ നിന്ന് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വന്നു.

കിട്ടിയ പണം കൊണ്ട് ലോണടച്ചെന്നും കടം തീർത്തെന്നുമാണ് പ്രതികളുടെ മൊഴി.
ബാബുവിന്‍റെ ഭാര്യ സൂനീറ ആറ് ലക്ഷം രൂപ ലോണടച്ചിട്ടുണ്ട്. പ്രതികളിൽ ചിലർ വാങ്ങിയ 56 ഗ്രാം സ്വർണവും രണ്ട് മൊബൈൽ ഫോണുകളും പിടിച്ചെടുത്തു.

ജയിലിലുളള ദീപക്, മാർട്ടിൻ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് രണ്ടരക്കോടി രൂപയുടെ ഇടപാട് തിരിച്ചറിഞ്ഞത്. പല പ്രതികളും പണം പലയിടത്തായി സൂക്ഷിച്ചിട്ടുണ്ടെന്നും വൈകാതെ കണ്ടെടുക്കുമെന്നും പൊലീസ് കേന്ദ്രങ്ങൾ അറിയിച്ചു.