തിരുവനന്തപുരം: കൊറോണ ഭീതിയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാനത്ത് വീണ്ടും സാലറി ചലഞ്ച്. സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം നൽകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. പ്രതിപക്ഷം സഹകരണം വാഗ്ദാനം ചെയ്തതായാണ് സൂചന. പ്രതിസന്ധി ഘട്ടത്തിൽ ജീവനക്കാർ ആത്മാർഥമായി സഹായിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ അഭ്യർഥന.
യൂണിയൻ പ്രതിനിധികളുമായി മുഖ്യമന്ത്രി ഇക്കാര്യം ചർച്ച ചെയ്തു. സർക്കാർ അനുകൂല സംഘടനകൾ മുഖ്യമന്ത്രിയുടെ അഭ്യർഥനയോട് സഹകരിച്ചു. എന്നാൽ ഇക്കാര്യത്തിൽ സാവകാശം നൽകണമെന്ന് പ്രതിപക്ഷ എൻജിഒ യൂണിയൻ ആവശ്യപ്പെട്ടു. സാലറി ചലഞ്ചിൽ ഉടൻ തീരുമാനമുണ്ടാകുമെന്നാണ് അറിയുന്നത്.
കഴിഞ്ഞ വർഷത്തെ പ്രളയസമയത്താണ് മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് പ്രഖ്യാപിച്ചത്. ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്ന ആവശ്യത്തിന് നല്ല പ്രതികരണമാണ് അന്ന് ലഭിച്ചത്.